മുംബൈ: മഹാരാഷ്‌ട്ര കുർളയിലെ നായിക് നഗറില്‍ നാലുനില കെട്ടിടം തകർന്നുവീണ സംഭവത്തില്‍ മൂന്ന് മരണം. ചൊവ്വാഴ്‌ച പുലര്‍ച്ചയോടെയുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. 12 പേര്‍ കൂടി അകപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.
ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പരിക്കേറ്റവരെ ഘട്‌കോപ്പറിലെയും സിയോണിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്. തങ്ങളുടെ രണ്ട് സംഘങ്ങള്‍ കെട്ടിടത്തില്‍ ഊര്‍ജിതമായ- രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടുവെന്ന് എൻ.ഡി.ആർ.എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അനുപം ശ്രീവാസ്‌തവ പറഞ്ഞു.
മന്ത്രി ആദിത്യ താക്കറെ സംഭവ സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലപ്പഴക്കം വന്ന സാഹചര്യത്തില്‍ കെട്ടിടം നേരത്തെ പൊളിച്ചുനീക്കുന്നതിന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) നോട്ടിസ് നൽകിയിരുന്നു. എന്നാല്‍, നിര്‍ദേശം ലംഘിച്ചാണ് ആളുകള്‍ ഇവിടെ താമസിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ആളുകളെ പൂര്‍ണമായും പുറത്തെത്തിക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാണ്. ചൊവ്വാഴ്‌ച രാവിലെത്തന്നെ അകപ്പെട്ട ആളുകളെ പുറത്തെത്തിക്കും. കെട്ടിടം തകര്‍ന്നുവീണുള്ള അപകടം ഒഴിവാക്കാന്‍ ബി.എം.സി നോട്ടിസ് നൽകിയാലുടൻ താമസം ഒഴിയണമെന്ന് ആദിത്യ താക്കറെ മാധ്യമങ്ങളിലൂടെ ഓര്‍മിപ്പിച്ചു.