മുംബൈ: മഹാരാഷ്‌ട്രയിൽ എടിഎം മെഷീനിൽ നിറയ്‌ക്കാനുള്ള പണമടങ്ങിയ വാനുമായി ഡ്രൈവർ മുങ്ങി. 2 കോടി 80 ലക്ഷം രൂപയുമായി വാൻ ഡ്രൈവർ ഉദയ് ഭാൻ സിങ്ങാണ് രക്ഷപ്പെട്ടത്. വിവിധ ബാങ്കുകളിൽ നിന്ന് മുംബൈയിലെ എടിഎം കിയോസ്‌കുകളിലേക്ക് പണം എത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ വാൻ ഡ്രൈവറായിരുന്നു ഇയാൾ.
മഹാരാഷ്‌ട്രയിലെ ഗോരേഗാവിൽ തിങ്കളാഴ്‌ച (സെപ്‌റ്റംബർ 5) ഉച്ചയോടെയാണ് സംഭവം. ഗോരേഗാവ് വെസ്റ്റിലെ യൂണിയൻ ബാങ്കിന്‍റെ എടിഎം മെഷീനിൽ പണം നിക്ഷേപിക്കുന്നതിനിടെയാണ് പണമടങ്ങിയ വാനുമായി ഡ്രൈവർ മുങ്ങിയത്. കമ്പനി ജീവനക്കാർ മെഷീനിൽ പണം നിറയ്‌ക്കുന്നതിന്‍റെ തിരക്കിലായിരുന്ന തക്കം മുതലെടുത്ത് ഡ്രൈവർ ഉദയ് ഭാൻ സിങ് വാനുമായി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ജിപിഎസ് ട്രാക്കറിൽ പരിശോധിച്ചപ്പോൾ വാഹനവുമായി പ്രതി ഗോരേഗാവ് വെസ്റ്റിലെ പിരാമൽ നഗർ ഭാഗത്തേക്കാണ് പോയതെന്ന് കണ്ടെത്തി. ഉടൻ തന്നെ കമ്പനി ജീവനക്കാർ ഗോരേഗാവ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടപടിയെടുക്കുകയും സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കുകയും ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി മുംബൈ പൊലീസിന്‍റെ നോർത്ത് ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
അന്വേഷണത്തിൽ പിരാമൽ നഗർ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് പൊലീസ് വാൻ കണ്ടെടുത്തു. എന്നാൽ പണവുമായി ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്. രണ്ട് മാസം മുമ്പാണ് ഉദയ് ഭാൻ സിങ് കമ്പനിയിൽ ഡ്രൈവറായി ചേർന്നതെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കി.