ഗാസിപൂര്‍: ബിജെപി നിയമസഭാംഗമായിരുന്ന കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബഹുജന്‍ സമാജ്‌പാര്‍ട്ടിയുടെ ലോക്‌സഭാംഗവും രാഷ്‌ട്രീയക്കാരനും ഗുണ്ടാനേതാവുമായ മുക്താര്‍ അന്‍സാരിയുടെ സഹോദരനുമായ അഫ്‌സല്‍ അന്‍സാരിയ്‌ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് അഫ്‌സല്‍ അന്‍സാരിക്ക് ലോക്‌സഭ അംഗത്വം നഷ്‌ടമായി. അടുത്ത ആറ് വര്‍ഷത്തേയ്‌ക്ക് അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധിക്കുന്നതല്ലെന്നും ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നിയമങ്ങൾ അഫ്‌സൽ അൻസാരിക്കും ബാധകമാകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് സിംഗ് അടൽ പറഞ്ഞു. അൻസാരിയുടെ അംഗത്വം നഷ്‌ടപ്പെടുക മാത്രമല്ല, മറ്റൊരു മേൽക്കോടതിയിൽ നിന്ന് തനിക്ക് അനുകൂലമായ വിധി വരുകയും ശിക്ഷ റദ്ദാക്കാതിരിക്കുകയും ചെയ്യുന്നത് വരെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുക അദ്ദേഹത്തിന് അസാധ്യമാണ്.
കൃഷ്‌ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഗാസിപൂരിലെ എംപിയായ മുക്താര്‍ അന്‍സാരിയ്‌ക്ക് ഇന്ന് കോടതി ശിക്ഷ വിധിച്ചിരുന്നു. 10 വര്‍ഷവും തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതി അതിഖ് അഹമ്മദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ശേഷം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഒരു മാസത്തിന് ശേഷമാണ് മുക്താര്‍ അഹമ്മദിനും സഹോദരനും കോടതി ശിക്ഷ വിധിക്കുന്നത്.