ഭോപ്പാല്‍: അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാന്‍റെ 'പത്താന്‍' സിനിമയെ വിമര്‍ശിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പത്താനിലെ അടുത്തിറങ്ങിയ ഗാനമായ 'ബേഷറം റങ്ക്' എന്ന ഗാനത്തിന് നടി ദീപിക പദുക്കോണ്‍ ധരിച്ച വസ്‌ത്രത്തിനെതിരെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ചില രംഗങ്ങളില്‍ തിരുത്തല്‍ ആവശ്യമായതിനാല്‍ ഗാനം പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.
2016ലെ ജെഎന്‍യു കേസിലെ ടുക്ക്‌ഡെ ടുക്ക്‌ഡെ സംഘത്തിനെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് ദീപിക. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നത്- മിശ്ര വിമര്‍ശിച്ചു.
ഗാനത്തിലെ രംഗങ്ങള്‍ ശരിയായ രീതിയില്‍ ചിത്രീകരിക്കുക. ദീപികയുടെ വേഷവും നേരെയാക്കുക. അല്ലാത്തപക്ഷം മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് ആലോചിക്കേണ്ടി വരുമെന്ന് മിശ്ര മാധ്യമങ്ങളോട് ഫറഞ്ഞു.
നേരത്തെ 'ആദിപുരുഷ്' എന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളോട് ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ മിശ്ര നിര്‍ദേശിച്ചിരുന്നു. ഹൈന്ദവ മത വിശ്വാസത്തിലെ ഇതിഹാസ താരങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചില ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്നതായിരുന്നു മിശ്രയുടെ കണ്ടെത്തല്‍. ഈ വര്‍ഷം ജൂലൈയില്‍ ലീന മണിമേഖലൈ സംവിധാനം ചെയ്‌ത ഡോക്യൂമെന്‍ററി ചിത്രം കാളിയുടെ വിവാദ പോസ്‌റ്ററിനെതിരെ മിശ്ര എഫ്ഐആര്‍ ഫയല്‍ ചെയ്യുവാന്‍ നിര്‍ദേശിച്ചിരുന്നു.