ഭോപാൽ: ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിക്കുന്നതിനായി യുവതിക്ക് ജാമ്യം നൽകി മധ്യപ്രദേശ് ഹൈക്കോടതി ഇൻഡോർ ബെഞ്ച്. മദ്യക്കടത്ത് കേസിൽ അറസ്‌റ്റിലായ ഖുഷി യാദവ്(23) എന്ന യുവതിക്കാണ് ജാമ്യം അനുവദിച്ചത്. അവധി ദിനമായിട്ടും ഹൈക്കോടതി യുവതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചു. ഇൻഡോർ ബെഞ്ചിലെ ജസ്‌റ്റിസ് സുജോയ് പോളാണ് യുവതിയെ 30,000 രൂപ ജാമ്യത്തിൽ വിടാൻ നിർദേശം നൽകിയത്.
മാർച്ച് 29നാണ് ഇൻഡോറിലെ ലാസുഡിയ പ്രദേശത്ത് നിന്ന് ഖുശി യാദവ് ഉൾപ്പെടെ മൂന്ന് സ്ത്രീകളിൽ നിന്ന് 197 ലിറ്റർ അനധികൃത മദ്യം പോലീസ് കണ്ടെടുത്തത്. തുടർന്ന് മൂന്നു പേരെയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിടുകയായിരുന്നു. ഖുഷി യാദവ് ജയിലിലായതോടെ കുട്ടിയുടെ ആരോഗ്യ നില മോശമായെന്നും കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതായും അവരുടെ അഭിഭാഷകൻ രാം ബജദ് ഗുർജാർ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുട്ടിയെ ജയിലിലേക്ക് അയക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.