ലക്‌നൗ : ഉത്തർപ്രദേശിൽ ഒൻപത് വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സുൽത്താൻപൂർ ജില്ലയിൽ ചൊവ്വാഴ്‌ചയാണ് ദാരുണ സംഭവം. വിവേക് നഗർ വാർഡിൽ താമസിക്കുന്ന യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച രാവിലെ ഇവർ മകൾ പരിധിയുമായി വഴക്കിട്ടിരുന്നു. നിയന്ത്രണം നഷ്‌ടപ്പെട്ട പ്രതി വാക്കുതർക്കത്തിനിടെ പച്ചക്കറി മുറിക്കുകയായിരുന്ന കത്തി ഉപയോഗിച്ച് മകളുടെ കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം ചന്ദയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കണക്കിലെടുത്ത് സുൽത്താൻപൂരിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകും വഴി പെൺകുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും ഇതുകണ്ട ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ ലംബുവ സിഎച്ച്‌സിയിലാക്കി. മെഡിക്കൽ കോളജിലേയ്‌ക്ക് മാറ്റണമെന്ന് ലംബുവ സിഎച്ച്‌സിയിലെ ഡോക്‌ടർമാർ നിർദേശിച്ചെങ്കിലും അന്ന് തന്നെ പെൺകുട്ടി മരണപ്പെടുകയായിരുന്നു. പരിധിയുടെ പിതാവ് രാഹുൽ പാണ്ഡെ നാല് വർഷം മുമ്പ് മരിച്ചതാണ്.
ഒരു വർഷം മുമ്പാണ് പെൺകുട്ടിയുടെ അമ്മയും കേസിലെ പ്രതിയുമായ യുവതി മറ്റൊരു വിവാഹം കഴിച്ചത്. ശേഷം മുംബൈയിൽ താമസമാക്കിയ ഇവർ മാനസിക പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസം മുൻപാണ് മകളുമൊത്ത് ഉത്തർ പ്രദേശിൽ തിരിച്ചെത്തിയത്. നിലവിൽ യുവതി പ്രയാഗ്‌രാജിൽ ചികിത്സ തേടുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
also read : Bengaluru crime | 70കാരിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു ; മകള്‍ പിടിയില്‍
മകളെ വെട്ടി കൊലപ്പെടുത്തി പിതാവ് : മൂന്ന് ദിവസം മുൻപാണ് കേരളത്തിൽ ആറ് വയസുകാരിയായ മകളെ പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. ആലപ്പുഴ പുന്നമൂട് സ്വദേശിനിയായ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ശ്രീമഹേഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
also read : മരത്തില്‍ കെട്ടിയിട്ടതിന് ശേഷം ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഭാര്യ അറസ്‌റ്റില്‍
മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്ന പ്രതി മകളായ നക്ഷത്രയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മുത്തശ്ശി സുനന്ദയ്‌ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മൂന്ന് വർഷം മുൻപാണ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്‌തത്. അതേസമയം ഇയാൾ കൂട്ടക്കൊല നടത്താനാണ് പദ്ധതിയിട്ടതെന്നാണ് പൊലീസ് നിഗമനം.
also read : 6 വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തി; രക്ഷിക്കാനെത്തിയ മുത്തശ്ശിക്കും വെട്ടേറ്റു
ഭർത്താവിനെ കെട്ടിയിട്ട് തീക്കൊളുത്തി ഭാര്യ : കഴിഞ്ഞ ദിവസം ബിഹാറിൽ സെൽഫി എടുക്കാനെന്ന പേരിൽ ഭർത്താവിനെ മരത്തിൽ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി ഭാര്യ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. മുസാഫർപൂർ ജില്ലയിലായിരുന്നു സംഭവം. യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.അതേസമയം ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെ കാരണം യുവതി വ്യക്തമാക്കിയിട്ടില്ല.