ബെംഗളുരു: ശിവമോഗ ജില്ലയിൽ അച്ചാപ്പുര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മക്കളും ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. സെപ്റ്റംബർ 26നാണ് അച്ചാപ്പുര സ്വദേശി വിനോദിനെ(45) കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയത്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം വന പ്രദേശത്ത് പൂർണമായും കത്തി നശിച്ച കാറും ഡ്രൈവർ സീറ്റിൽ വിനോദിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹവും കണ്ടെത്തിയതോടെയാണ് മരണവിവരം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട വിനോദിന്‍റെ ഭാര്യ ബിനു(42), മക്കളായ വിവേക്(21), വിഷ്‌ണു(19), ബിനുവിന്‍റെ സഹോദരിയുടെ മകൻ അശോക്(23), വിനോദിന്‍റെ സഹോദരൻ സഞ്ജയ്(36) എന്നിവരാണ് അറസ്റ്റിലായത്.
വിനോദിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ മൃതദേഹം കാറിൽ ഹുനസേകോപ്പ വനമേഖലയിലേക്ക് കൊണ്ടുപോയി കാറുൾപ്പെടെ കത്തിക്കുകയായിരുന്നു.
അയൽഗ്രാമത്തിലുള്ള സ്‌ത്രീയുമായുള്ള ബന്ധത്തിന്‍റെ പേരിൽ വിനോദ് കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കിയിരുന്നു. അടുത്തിടെ വിനോദ് തന്‍റെ ഭൂമി വിറ്റ് സുഹൃത്തിന് വലിയൊരു പങ്ക് വിഹിതം നൽകാൻ പദ്ധതിയിടുകയും മറ്റൊരു വസ്‌തു വിൽക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.
ഇതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സെപ്റ്റംബർ 26ന് പ്രതികൾ പെട്രോൾ വാങ്ങുകയും കൊലപാതകത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്‌തു. ഇരുമ്പ് കമ്പി കൊണ്ട് പ്രതികൾ വിനോദിന്‍റെ കഴുത്ത് ഞെരിക്കുകയും ഇരുമ്പ് വടി ഉപയോഗിച്ച് തലയിൽ അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം വനമേഖലയിൽ എത്തിച്ച് കാറുൾപ്പെടെ കത്തിച്ചു.
കാർ കണ്ടെത്തിയ തീർത്ഥഹള്ളി പൊലീസ് ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ മൊഴിയിലുണ്ടായ പൊരുത്തക്കേടാണ് കൊലപാതകം എന്ന നിഗമനത്തിലേക്കെത്തിച്ചത്. അഞ്ച് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Also Read: മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്