ചന്ദ്രാപൂർ (മഹാരാഷ്‌ട്ര) : മൂന്ന് വയസുകാരിയായ മകളെ കടിച്ചു വലിക്കാൻ ശ്രമിച്ച പുലിയെ തുരത്തി അമ്മ. മഹാരാഷ്‌ട്രയിലെ ചന്ദ്രാപൂരിലാണ് സംഭവം. മകളെ നഷ്‌ടമാകാതിരിക്കാൻ യുവതി നടത്തിയ കടുത്ത പ്രതിരോധത്തിലാണ് പുലിക്ക് പിന്തിരിയേണ്ടി വന്നത്.
മൂന്ന് വയസുകാരി അരക്ഷ പോപ്പുൽവാർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുള്ളിപ്പുലി വീട്ടിലേക്ക് പാഞ്ഞെത്തിയത്. ശരീരത്ത് കടിച്ച ശേഷം പുലി കുട്ടിയെ പുറത്തേക്ക് വലിച്ചിഴച്ചു. എന്നാൽ ശബ്‌ദം കേട്ട് ഓടിയെത്തിയ അമ്മ സധൈര്യം പുലിയെ നേരിടുകയായിരുന്നു.
കൈയിൽ കിട്ടിയ വടിയുമായി അമ്മ പുലിയോട് പോരടിച്ചു. ചെറുത്ത് നിൽപ്പ് ശക്തമായതോടെയാണ് പുലി കുട്ടിയെ ഉപേക്ഷിച്ച് പിന്തിരിഞ്ഞത്. കഴുത്തിന് പരിക്കേറ്റ കുട്ടി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച്, സ്ഥലത്തെത്തിയ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരെ ഗ്രാമവാസികള്‍ തടഞ്ഞു വച്ചു. പ്രദേശത്തെ പുലി ശൈല്യം അവസാനിപ്പിക്കാൻ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് ഗ്രാമവാസികള്‍ ഉദ്യോഗസ്ഥരെ പോകാൻ അനുവദിച്ചത്. നരഭോജികളായ പുലികളുടെ ആക്രമണം രൂക്ഷമായ പ്രദേശത്ത് ദിവസങ്ങൾക്ക് മുമ്പ് ഒരു സ്‌ത്രീയും കൊല്ലപ്പെട്ടിരുന്നു.
ഈ വർഷം ഇതുവരെ ഏഴ് പേരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് കന്നുകാലികളെയും നഷ്‌ടമായി. പ്രദേശത്തെ പ്രായമായവരും സ്‌ത്രീകളും, കുട്ടികളുമാണ് പുലിയുടെ ആക്രമണത്തിന് കൂടുതലായും ഇരയാകുന്നത്.