സൂറത്ത്: ഗുജറാത്തില്‍ ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് യുവതിയും ഒന്നര വയസുള്ള കുഞ്ഞും ആശുപത്രിയില്‍ ചികിത്സയില്‍. പാണ്ഡേസര പ്രദേശത്തെ ഗണേഷ് നഗര്‍ സ്വദേശിയായ അഞ്ജുവാണ് കുഞ്ഞിന് ആസിഡ് നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നലെയാണ് (ഏപ്രില്‍ 23) സംഭവം. ഫാക്‌ടറി തൊഴിലാളിയായ ബൽബീർ കേവത്തിന്‍റെ ഭാര്യയാണ് അഞ്ജു.
ന്യൂ സിവിൽ ആശുപത്രിയിലാണ് അമ്മയും കുഞ്ഞും കഴിയുന്നത്. ഇരുവരുടെയും നില തൃപ്‌തികരമാണെന്നാണ് വിവരം. സംഭവത്തിൽ പാണ്ഡേസര പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഏപ്രിൽ 23ന് ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് പൊലീസ് കോൺസ്റ്റബിൾ അനിൽ സിങ് പറഞ്ഞു.
നിലവിൽ ഈ വിഷയത്തിൽ ബൽബീർ കേവാത്തിന്‍റെ മൊഴി എടുത്തിട്ടുണ്ട്. മകളുമൊത്തുള്ള ജീവിതം അവസാനിപ്പിക്കാൻ ഭാര്യ ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അഞ്ജു ഇപ്പോഴും അബോധാവസ്ഥയിൽ ആയതിനാൽ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായി ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക - 9152987821