നളന്ദ (ബിഹാർ): ബിഹാറിലെ നളന്ദക്കടുത്തുള്ള മാരി എന്ന ഗ്രാമം. സമയം ഉച്ചയ്ക്ക് 12.45. ഗ്രാമത്തിലെ ഒരു പുരാതനമായ പള്ളിയിൽ നിന്നും ബാങ്കുവിളി മുഴങ്ങുന്നു. ഗ്രാമത്തിലുള്ളവർ ഭയ-ഭക്തിയോടു കൂടി ബാങ്കുവിളി ശ്രവിക്കുന്നു.
ഗ്രാമത്തിലുള്ളവർ പള്ളിയിൽ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുന്നു. പക്ഷേ അവരാരും മുസ്ലീങ്ങളല്ല. കാരണം ഈ ഗ്രാമത്തില്‍ മുസ്ലീങ്ങളില്ല. അതിനാല്‍ പള്ളി പരിപാലിക്കുന്നത് ഗ്രാമത്തിലെ ഹിന്ദുക്കളാണ്.
1946ലും 1981ലും ഗ്രാമത്തിൽ നടന്ന വർഗീയ കലാപങ്ങളെ തുടർന്ന് ഇവിടുത്തെ മുസ്‌ലിങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറി പാർത്തതോടെയാണ് മാരി ഗ്രാമത്തില്‍ മുസ്ലീം സമുദായത്തില്‍ ആരുമില്ലാതായത്. 1945 വരെ ഗ്രാമത്തിലെ ഹിന്ദു-മുസ്‌ലിം അനുപാതം തുല്യമായിരുന്നുവെങ്കിൽ ഇപ്പോൾ ഇവിടെ താമസിക്കുന്ന 2000 ആൾക്കാരും കുർമി സമുദായത്തിൽപ്പെട്ടവരോ ഹിന്ദുമത വിശ്വാസികളോ ആണ്.
മുസ്‌ലിങ്ങൾ ഇവിടെനിന്നും കുടിയേറി പാർത്തതോടെ പള്ളിയുടെ നടത്തിപ്പ് ഹിന്ദുക്കൾ ഏറ്റെടുത്തു. ദിവസത്തിൽ അഞ്ച് പ്രാവശ്യം ഗ്രാമവാസികൾ പള്ളിയിൽ എത്തി നമാസ് നടത്തും. ബാങ്കുവിളി എങ്ങനെ ചെയ്യണമെന്ന് അറിയാത്തതിനാൽ പെൻഡ്രൈവ് ഉപയോഗിച്ചാണ് ബാങ്കുവിളിക്കുന്നത്.
പള്ളി വൃത്തിയാക്കുന്നതും കഴുകുന്നതും പെയിന്‍റ് ചെയ്യുന്നതുമെല്ലാം ഗ്രാമവാസികളുടെ ചുമതലയാണ്. പള്ളിയുടെ നിയമപ്രകാരം രാവിലെയും വൈകുന്നേരവും ശുചീകരിക്കണം. ഇത് മുടക്കമില്ലാതെ നടത്തുന്നതും ഗ്രാമവാസികളാണ്.
എല്ലാ മംഗളകരമായ അവസരങ്ങളിലും ഗ്രാമത്തിലുള്ളവർ ആദ്യം പള്ളിയിൽ പ്രാർഥന നടത്തും. തുടർന്നാണ് ക്ഷേത്രത്തിൽ പോവുകയെന്ന് മുതിർന്ന ഗ്രാമവാസി ജാനകി പണ്ഡിറ്റ് പറയുന്നു. പള്ളിക്ക് ഏകദേശം 250 വർഷത്തോളം പഴക്കമുണ്ടാകുമെന്ന് കരുതുന്നു. എന്നാൽ പള്ളി സ്ഥാപിക്കപ്പെട്ടതിനെ കുറിച്ച് രേഖകളൊന്നും തന്നെയില്ല.
ഏകദേശം 500-600 വർഷങ്ങൾക്ക് മുമ്പ് ഹസ്രത്ത് ഇസ്മായിൽ എന്ന മുസ്ലീം പണ്ഡിതൻ ഗ്രാമത്തിൽ വന്ന് ഇവിടുത്തെ ജനങ്ങളിൽ സ്വാധീനം ചെലുത്തിയതായി വിശ്വസിക്കപ്പെടുന്നു. അടിക്കടി വെള്ളപ്പൊക്കം, തീപിടിത്തം പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമായിരുന്ന ഗ്രാമത്തെ അതിൽ നിന്നും രക്ഷിച്ചത് ഇസ്‌മായിൽ ആണെന്നും അദ്ദേഹം ഇവിടെ എത്തിയ ശേഷം ഇത്തരത്തിലുള്ള ദുരന്തങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഗ്രാമവാസികൾ വിശ്വസിക്കുന്നു. മാരി ഗ്രാമത്തെ ഇസ്‌മായിൽപൂർ മാഡി എന്നും വിളിക്കാറുണ്ടായിരുന്നുവെന്ന് കഥകൾ പറയുന്നു. അദ്ദേഹത്തിന്‍റെ ശവകുടീരവും മസ്‌ജിദിന് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
അടിക്കടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വർഗീയ കലാപങ്ങളുടെ കഥകളൊന്നും മാരി ഗ്രാമത്തിലുള്ളവർക്ക് അറിയില്ല. ഇവിടുള്ളവരെ സംബന്ധിച്ച് പള്ളി എന്നത് സംരക്ഷിക്കാനും പ്രാർഥനകൾ നടത്താനും വേണ്ടിയുള്ള മറ്റൊരു സ്ഥലം മാത്രമാണ്.