ഖണ്ഡ്‌വ: മധ്യപ്രദേശില്‍ കാമുകീ കാമുകന്മാരാണെന്ന് ആരോപിച്ച് സഹോദരിയോട് സംസാരിച്ച യുവാവിന് ക്രൂരമര്‍ദനം. ഖണ്ഡ്‌വ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രദേശവാസികള്‍ കൂട്ടംചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ബിഹാരിലാൽ (21), കലാവതി എന്നിവര്‍ക്കെതിരെയാണ് ആള്‍ക്കൂട്ടം തിരിഞ്ഞത്.
തന്നെ തല്ലരുതെന്ന് പ്രദേശവാസികളോട് യുവാവ് കേണുപറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. തന്‍റെ ഭാര്യയുടെ സഹോദരനാണെന്ന് കലാവതിയുടെ ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ അക്രമികളോട് പറഞ്ഞതോടെയാണ് ഇവര്‍ ക്രൂരതയില്‍ നിന്നും പിന്മാറിയത്. ഒരു മണിക്കൂറിനടുത്താണ് യുവാവിനെ ജനക്കൂട്ടം ഉപദ്രവിച്ചത്. പിപ്ലൗഡ് പ്രദേശത്തിനടുത്തുള്ള ബമണ്ട ഗ്രാമത്തില്‍ ഏപ്രിൽ മൂന്നിനാണ് സംഭവം.
മൂന്ന് പേര്‍ക്കെതിരെ കേസ് : ഝരിഖേഡ ഗ്രാമത്തിൽ നിന്നുള്ള ബിഹാരിലാൽ സഹോദരി കലാവതിയെ കാണാൻ എത്തുകയും വീടിന്‍റെ മുറ്റത്തെ കട്ടിലിൽ ഇരിക്കുകയും ചെയ്‌തു. ശേഷം, യുവതി ഇയാള്‍ക്ക് വെള്ളം നല്‍കുകയും കട്ടിലില്‍ ഒരുമിച്ചിരുന്ന് ബന്ധുക്കളുടെ സുഖവിവരങ്ങളെക്കുറിച്ച് പരസ്‌പരം സംസാരിക്കുകയായിരുന്നു. ഇതിനിടെ രാംദാസ്, ദയാറാം, ഹന്നു എന്ന ഈശ്വർ എന്നിവരും മറ്റ് പ്രദേശവാസികളും സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ ആരംഭിച്ചു.
എന്തുകൊണ്ട് ഇരുവരും പരസ്‌പരം അടുത്ത് ഇരുന്നു, യുവതിയുമായി എന്തുബന്ധം തുടങ്ങിയവയാണ് ചോദിച്ചത്. തുടര്‍ന്ന് മര്‍ദനം ആരംഭിക്കുകയായിരുന്നു. കൈയേറ്റം ചെയ്യുന്നത് നിര്‍ത്താന്‍ യുവതി അപേക്ഷിച്ചെങ്കിലും പിന്മാറാന്‍ നാട്ടുകാര്‍ തയ്യാറായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പിപ്ലൗഡ് പൊലീസ് മൂന്ന് പേർക്കെതിരെ ഏപ്രില്‍ ആറാം തിയതി എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.