ദുർഗ് (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിൽ സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ഛത്തീസ്‌ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം. സന്യാസിമാർ കുട്ടികളെ തട്ടികൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
ബുധനാഴ്‌ച (05-10-2022) ഉച്ചക്കാണ് സംഭവം നടന്നത്. ദുർഗിലെ ചരോദ മേഖലയിൽ തീർഥയാത്രയുടെ ഭാഗമായി എത്തിയതായിരുന്നു മൂന്ന് സന്യാസികൾ. ഇവരോട് പ്രതികൾ പണം ചോദിച്ചു. എന്നാൽ സന്യാസിമാർ പണം നൽകാൻ തയ്യാറായില്ല.
ഇതിൽ പ്രകോപിതരായ ഇവർ സന്യാസിമാരെ അക്രമിക്കുകയായിരുന്നു. സന്യാസികൾ കുട്ടികളെ തട്ടികൊണ്ടുപോകാൻ എത്തിയവരാണെന്നും പ്രതികൾ ആരോപിച്ചു. ഇതോടെ ഗ്രാമത്തിലെ ജനങ്ങൾ സംഘം ചേർന്ന് സന്യാസിമാരെ മർദ്ദിക്കുകയായിരുന്നു.
ആൾക്കൂട്ട ആക്രമണത്തിൽ സന്യാസിമാർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി സന്യസിമാരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദുർഗ് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു. സന്യാസിമാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് അക്രമികൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.