ചെന്നൈ : മണിപ്പൂരിലെ കായികതാരങ്ങളെ തമിഴ്‌നാട്ടിലേക്ക് പരിശീലനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട് സർക്കാർ ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി. കായികരംഗത്ത് പ്രാഗത്‌ഭ്യത്തിന് പേരുകേട്ട സംസ്ഥാനമായ മണിപ്പൂരിലെ നിലവിലെ സാഹചര്യത്തെ തമിഴ്‌നാട് വളരെ ആശങ്കയോടെയും വേദനയോടെയുമാണ് കാണുന്നതെന്ന് പ്രസ്‌താവനയിൽ പറയുന്നു.
മണിപ്പൂർ എല്ലായ്‌പ്പോഴും ദേശീയ അന്തർദേശീയ നിലവാരമുള്ള ചാമ്പ്യന്മാരെ, പ്രത്യേകിച്ച് വനിത താരങ്ങളെ സൃഷ്‌ടിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2024-ന് ആതിഥേയത്വം വഹിക്കുന്നത് തമിഴ്‌നാടാണ്. ഈ ടൂർണമെന്‍റ് വിജയകരമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ മണിപ്പൂരിൽ ഏഷ്യൻ ഗെയിംസ്, ഇന്ത്യ യൂത്ത് ഗെയിംസ് തുടങ്ങിയ ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് പരിശീലനം നൽകുന്നതിന് പ്രതികൂല സാഹചര്യമാണ് നിലനിൽക്കുന്നത്. കായിക താരങ്ങളെ തമിഴ്‌നാട്ടിൽ പരിശീലനത്തിനായി ക്ഷണിക്കുകയാണെന്നും സർക്കാർ പ്രസ്‌താവനയിൽ പറയുന്നു.
കായിക പരിശീലനത്തിനുള്ള തമിഴ്‌നാടിന്‍റെ കഴിവിനെക്കുറിച്ചും മുഖ്യമന്ത്രി സ്റ്റാലിൻ കൂട്ടിച്ചേർത്തു. ദേശീയ അന്തർദേശീയ കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ലോകോത്തര പരിശീലന സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ തമിഴ്‌നാട് മുൻപന്തിയിലാണ്. ഗവൺമെന്‍റിന്‍റെ കായിക വികസന സംരംഭങ്ങൾ കാരണം ദേശീയ അന്തർദേശീയ തലങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കായികതാരങ്ങൾ തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുകയാണ്. മണിപ്പൂർ താരങ്ങളെ പരിശീലനത്തിനായി സ്വീകരിക്കാൻ തയ്യാറാണെന്നും സ്റ്റാലിൻ അറിയിച്ചു.
ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയിട്ടുണ്ട്. ഈ കായിക താരങ്ങൾക്കും വനിതകൾക്കും തമിഴ്‌നാട് ഗവൺമെന്‍റിന്‍റെ കായിക വികസന വകുപ്പിനെ പ്രതിനിധീകരിച്ച് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകുന്നതിന് എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് കായിക മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ഇതിനായി ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും തമിഴ്‌നാട് സർക്കാർ നൽകി. തമിഴ്‌നാട്ടിൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്ന കായിക താരങ്ങൾ അവരുടെ പേര്, വിലാസം, കോൺടാക്‌റ്റ് ചെയ്യാനുള്ള വിശദാംശങ്ങൾ, കായിക നേട്ടങ്ങൾ, പരിശീലന ആവശ്യകതകൾ എന്നീ വിവരങ്ങൾ sportstn2023@gmail.com എന്ന ജിമെയിൽ ഐഡിയിലേക്കോ +91-89259 03047 എന്ന നമ്പറിലേക്കോ അയക്കുക. കായികതാരങ്ങൾക്ക് തുടർന്നുള്ള എല്ലാ സൗകര്യങ്ങളും തമിഴ്‌നാട് ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.
'മണിപ്പൂരിലെ കായികതാരങ്ങൾ നേരിടുന്ന നിലവിലെ വെല്ലുവിളികൾ മനസിലാക്കി, 2024-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് മുന്നോടിയായി അവിടെ നിന്നുള്ള കായികതാരങ്ങളെ തമിഴ്‌നാട്ടിലേക്ക് കായിക പരിശീലനത്തിനായി ഞാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അവരുടെ താമസവും പരിശീലനവും സുഗമമാക്കുന്നതിന് മന്ത്രി ഉദയനിധി സ്റ്റാലിനും തന്‍റെ പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ലോകം ഒന്നാണ്, എല്ലാ മനുഷ്യരും നമ്മുടെ ബന്ധുക്കളാണ്..' എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
മണിപ്പൂരിലെ സ്‌ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ അഴിച്ചുവിടുന്ന അക്രമങ്ങളിൽ ഹൃദയം തകർന്നു, ഞെട്ടിപ്പോയി. എവിടെ നമ്മുടെ മനസ്സാക്ഷി? വെറുപ്പും വിഷവും മനുഷ്യരാശിയുടെ ആത്മാവിനെ പിഴുതെറിയുകയാണ്. ഇത്തരം അതിക്രമങ്ങൾക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.