ന്യൂഡൽഹി: വൈദ്യുത നിലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൽക്കരി നിലവിലുണ്ടെന്ന് വിശദീകരിച്ച് കൽക്കരി മന്ത്രാലയം. വൈദ്യുതി വിതരണം തടസപ്പെടുമെന്ന തരത്തിലുള്ള ഭയം വേണ്ടെന്നും നാല് ദിവസത്തേക്കുള്ള 72 ലക്ഷം ടണ്ണോളം കൽക്കരി സ്‌റ്റോക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്തും വൈദ്യുതി ക്ഷാമം
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം 72.23 ദശലക്ഷം യൂണിറ്റാണ്. അതില്‍ 34.48 ദശലക്ഷം യൂണിറ്റ് മാത്രമാണ് സംസ്ഥാനത്ത് വിവിധ ജലവൈദ്യുത പദ്ധതികളില്‍ നിന്നായി ഉത്പാദിപ്പിച്ചത്. 37.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിവിധ താപവൈദ്യുത നിലയങ്ങളില്‍ നിന്നായി കേരളം വാങ്ങിയതാണ്.
സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്ന താപ വൈദ്യുതി നിലയങ്ങളില്‍ പത്തു ദിവസത്തില്‍ താഴെ മാത്രമുള്ള കല്‍ക്കരി ശേഖരമാണുള്ളതെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്. കൂടംകുളത്തു നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 70 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ആശങ്കയിൽ സംസ്ഥാനങ്ങൾ
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വൈദ്യുതി തടസമുണ്ടായേക്കാമെന്ന റിപ്പോർട്ടുകളിൽ ആശങ്ക അറിയിച്ചിരുന്നു. വൈദ്യുത താപനിലയങ്ങളിലേക്ക് കൽക്കരി ലഭിക്കാത്ത പക്ഷം 'ബ്ലാക്ക്‌ഔട്ട്' സാധ്യതയുണ്ടെന്ന് അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പഞ്ചാബിൽ ഇതിനകം വിവിധ പ്രദേശങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടുണ്ട്.
READ MORE: കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി