സാഗർ(മധ്യപ്രദേശ്): പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ചത് വനിതകളാണെങ്കിലും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത് ഭർത്താവും അച്ഛനും ബന്ധുക്കളും. വ്യാഴാഴ്‌ച (04.08.2022) മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. ജയ്‌സിനഗർ ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട വനിത പഞ്ചായത്ത് പ്രതിനിധികളുടെ ബന്ധുക്കളായ പുരുഷന്മാരാണ് ചുമതലയേറ്റത്.
10 വനിത അംഗങ്ങൾ ഉൾപ്പെടെ 21 പുതിയ പഞ്ചായത്ത് അംഗങ്ങളാണ് വിവിധ വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സ്ത്രീകൾ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. ബാക്കിയുള്ള വനിത അംഗങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ വരാതിരുന്ന സാഹചര്യത്തിലാണ് അവരുടെ ഭർത്താക്കന്മാരും മറ്റ് ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്‌തതെന്ന് ജയ്‌സിനഗർ സെക്രട്ടറി ആശാറാം സാഹു പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട വനിത പഞ്ചായത്ത് പ്രതിനിധികൾ എത്താത്തതിൽ സാഹു നിസഹായത പ്രകടിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള ശ്രമമായാണ് മധ്യപ്രദേശ് സർക്കാർ 50 ശതമാനം സീറ്റുകൾ വനിത സംവരണം ചെയ്‌തത്.