ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പിൽ അഞ്ച് വാർഡുകളിൽ നാലെണ്ണത്തിലും ആം ആദ്മി വിജയിച്ചു. കല്യാൺപുരി, രോഹിൻ-സി, ത്രിലോക്പുരി, ഷാലിമാർ ബാഗ് നോർത്ത്വേർഡ്സ് എന്നിവിടങ്ങളിലാണ് ആം ആദ്മി സ്ഥാനാർഥികൾ വിജയിച്ചത്. അതേസമയം, ചൗഹാൻ ബംഗാർ വാർഡിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മുഹമ്മദ് ഇസ്രാഖ് ഖാനെ 10,642 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി ചൗധരി സുബൈർ അഹ്മദ് പരാജയപ്പെടുത്തി.
50 ശതമാനത്തിലധികം വോട്ടർമാർ മുനിസിപ്പൽ കോർപ്പറേഷനിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, ജനങ്ങൾക്ക് ബിജെപിയോട് മടുപ്പുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സത്യസന്ധതയുടെ രാഷ്ട്രീയം കൊണ്ടുവരുമെന്നും പറഞ്ഞു.
ആം ആദ്മി സ്ഥാനാർഥി ധീരേന്ദർ കുമാർ 7,043 വോട്ടുകൾക്ക് കല്യാൺപുരി വാർഡിൽ വിജയിച്ചു. ത്രിലോക്പുരിയിൽ ആം ആദ്മി പാർട്ടി വിജയ് കുമാർ ബിജെപിയുടെ ഓം പ്രകാശിനെ 4,986 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ആം ആദ്മി പാർട്ടിയുടെ സുനിത മിശ്ര 2,705 വോട്ടുകൾക്ക് ഷാലിമാർ ബാഗ് വാർഡിൽ ബിജെപിയുടെ സുരഭി ജാജുവിനെ പരാജയപ്പെടുത്തി. ആം ആദ്മി പാർട്ടിയിലെ രാം ചന്ദർ രോഹിണി സി വാർഡിൽ ബിജെപി സ്ഥാനാർഥി രാകേഷ് ഗോയലിനെ 2,985 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2017 ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകൾ ബിജെപി നിലനിർത്തിയിരുന്നു.