ബെംഗളൂരു: മാതാപിതാക്കൾ അപകടത്തിൽ മരിച്ചാൽ വിവാഹിതരായ പെൺമക്കൾക്കും ഇൻഷുറൻസ് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കർണാടക ഹൈക്കോടതി. വിവാഹിതരായ ആൺമക്കളാണെന്നോ പെൺമക്കളാണെന്നോ ഉള്ള വിവേചനം കാണിക്കാൻ കോടതിക്ക് കഴിയില്ല. അതിനാൽ, മരിച്ചവരുടെ വിവാഹിതരായ പെൺമക്കൾക്ക് നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എച്ച്പി സന്ദേശിന്‍റെ ബെഞ്ച് വ്യക്തമാക്കി.
2012 ഏപ്രിൽ 12ന് വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിലെ യമനൂരിന് സമീപം അപകടത്തിൽ മരിച്ച രേണുകയുടെ(57) വിവാഹിതരായ പെൺമക്കൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന ട്രൈബ്യൂണൽ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. രേണുകയുടെ ഭർത്താവും മൂന്ന് പെൺമക്കളും ഒരു മകനും നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ കുടുംബാംഗങ്ങൾക്ക് ആറ് ശതമാനം വാർഷിക പലിശ സഹിതം 5,91,600 രൂപ നഷ്‌ടപരിഹാരം നൽകാൻ വിധിച്ചു.
എന്നാൽ, വിവാഹിതരായ പെൺമക്കൾക്ക് നഷ്‌ടപരിഹാരം ക്ലെയിം ചെയ്യാൻ കഴിയില്ലെന്നും അവർ ആശ്രിതരല്ലെന്നും വാദിച്ചാണ് ഇൻഷുറൻസ് കമ്പനി അപ്പീൽ നൽകിയത്. ആശ്രിതത്വം എന്നാൽ സാമ്പത്തിക ആശ്രിതത്വം മാത്രമല്ല അർഥമാക്കുന്നത് ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിവയും ഉൾപ്പെടുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.