ബെംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ കൊലക്കേസ് പ്രതികൾക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. അന്വേഷണ സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയേറ്റത്. മുൾക്കിയിലെ ഉള്‍പ്രദേശത്ത് ശനിയാഴ്‌ചയാണ് സംഭവം.
റൗഡിഷീറ്റർ രാജ എന്ന രാഘവേന്ദ്ര വധക്കേസിലെ പ്രതികളായ അർജുൻ മൂടുഷെഡ്ഡെ, ബിൻദാസ് മനോജ് എന്നിവരുടെ കാലിനാണ് വെടികൊണ്ടത്. ഇതേകേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി മുള്‍ക്കിയിലെ ഗ്ലോബൽ ഹെറിറ്റേജ് ലേഔട്ടിന് സമീപം അർജുനെയും ബിൻദാസിനെയും എത്തിച്ചു. ഈ സമയം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് സംഭവം.
സി.സി.ബി പൊലീസ് ഇൻസ്‌പെക്‌ടര്‍ മഹേഷ് പ്രസാദാണ് പ്രതികളുടെ കാലിൽവെടിവച്ചത്. മൂന്നാമത്തെ ഉണ്ട ലക്ഷ്യം തെറ്റി മറ്റൊരിടത്ത് പതിച്ചു. സംഭവത്തില്‍ പരിക്കേറ്റ പ്രതികളെയും മൂന്ന് പൊലീസുകാരെയും ചികിത്സയ്‌ക്ക് വിധേയമാക്കി. സബ് ഇൻസ്പെക്‌ടര്‍ നാഗേന്ദ്ര, അസിസ്റ്റന്‍റ് ഹെഡ് കോൺസ്റ്റബിൾ സുധീർ പൂജാരി, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടര്‍ ഡേവിഡ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ ശശികുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.