മൈസൂരു: മംഗളൂരു ഓട്ടോറിക്ഷ സ്‌ഫോടനക്കേസിലെ പ്രതി താമസിച്ച വാടകവീട്ടിൽ പൊലീസ് റെയ്‌ഡ്. പരിശോധനയിൽ വ്യാജരേഖകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു. സ്ഫോടനം നടന്ന ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച യാത്രക്കാരനായ മുൻ യുഎപിഎ കേസ് പ്രതിയും ശിവമോഗ സ്വദേശിയുമായ മുഹമ്മദ് ഷാരിഖ് എന്നയാളുടെ മൈസൂരുവിലെ വാടക വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
പുറമെ ബാറ്ററി, മൊബൈൽ, അലൂമിനിയം വസ്‌തു, പ്രഷർ കുക്കർ തുടങ്ങിയവയും പിടിച്ചെടുത്തു. പ്രഷര്‍ കുക്കറില്‍ ബോംബ് നിറച്ചിരുന്നതായാണ് വിവരം. ഒരു മൊബൈൽ ഫോണ്‍, രണ്ട് വ്യാജ ആധാർ കാർഡുകൾ, ഒരു വ്യാജ പാൻ കാർഡ്, ഒരു ഫിനോ ഡെബിറ്റ് കാർഡ് എന്നിവയും കണ്ടെത്തിയതായി മംഗളൂരു പൊലീസ് അറിയിച്ചു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഷാരിഖ് എത്തിയതെന്നും മംഗളൂരു പൊലീസ് പറയുന്നു.
2020ലാണ് ഇയാളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. പിന്നീട്, ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതി മൈസൂരുവിൽ വീട് വാടകയ്‌ക്കെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്‌ച (നവംബര്‍ 19) വൈകിട്ടാണ് മംഗളൂരുവിൽ രണ്ട് പേർക്ക് പരിക്കേറ്റ സ്‌ഫോടനമുണ്ടായത്. ഗുരുതരമായ നാശനഷ്‌ടം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓട്ടോറിക്ഷയില്‍ സ്‌ഫോടക വസ്‌തു ഘടിപ്പിച്ച് ഭീകരപ്രവർത്തനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.