ബെംഗളുരു: ഭർത്താവ് തന്നോട് അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നെന്ന പരാതിയുമായി ഭാര്യ. ബെംഗളുരു സ്വദേശിനിയായ 42 കാരിയാണ് ഭർത്താവ് അയാളുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ തന്നെ നിർബന്ധിക്കുന്നതായി പരാതി നൽകിയത് (Man Tortures Wife- Forces To Have Physical Relations With His Friends). ബെംഗളൂരുവിലെ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലാണ് (Amrithalli Police Station) ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചു.
സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന ആവശ്യം നിരാകരിച്ചതോടെ ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയിലുണ്ട്. അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ നൽകുന്ന വിവരപ്രകാരം ഭർത്താവ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ സ്വകാര്യ നിമിഷങ്ങൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്യാറുണ്ടെന്നും, അവരുമായി അടുപ്പം പുലർത്താൻ തന്നെ നിർബന്ധിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു. അവൾ വിസമ്മതിച്ചപ്പോൾ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
2007-ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. 11 വയസുള്ള ഒരു മകനോടും 10 വയസുള്ള മകളോടുമൊപ്പം ബെംഗളുരു ബല്ലാരി റോഡിലെ ഒരു അപ്പാർട്ട്മെന്‍റിലാണ് കുടുംബം താമസിക്കുന്നത്. ഭർത്താവിന്‍റെ മൊബൈലിലെ ചാറ്റുകൾ പരിശോധിച്ചപ്പോൾ അവരുടെ സ്വകാര്യ നിമിഷങ്ങൾ സുഹൃത്തുക്കളുമായി ചർച്ച ചെയ്‌തത് കണ്ടതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഭർത്താവ് ലൈംഗിക തൊഴിലാളികളോട് അവരുടെ വിലയെപ്പറ്റി ചോദിക്കുന്ന മെസേജുകൾ താൻ കണ്ടു. ലൈംഗികത്തൊഴിലാളികൾക്കൊപ്പം ആസ്വദിക്കുന്നതിനെക്കുറിച്ച് ഭർത്താവും സുഹൃത്തുക്കളും ചർച്ച ചെയ്യുന്ന സന്ദേശങ്ങളും താൻ കണ്ടെന്ന് ഭാര്യ നൽകിയ പരാതിയിലുണ്ട്.
താൻ കണ്ട മെസേജുകളെപ്പറ്റി ഭർത്താവിനോട് ചോദിച്ചപ്പോൾ അയാൾ തന്നെ ശകാരിച്ചതായി പരാതിക്കാരി പറയുന്നു. ഒരു പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചാൽ തനിക്കും കുട്ടികൾക്കും ചിലവിന് നൽകില്ലെന്ന് അയാൾ ഭീഷണിപ്പെടുത്തി. അടുത്തിടെ ഭർത്താവ് അയാളുടെ സുഹൃത്തുക്കളുമായി താന്‍ ശാരീരികബന്ധം പുലർത്താന്‍ നിർബന്ധിക്കുകയാണ്. അനുസരിക്കാതിരുന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാൻ പരാതിക്കാരിയുടെ മാതാപിതാക്കളെ അടക്കം പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവിടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. ഐപിസി സെക്ഷൻ 498 എ (ക്രൂരത), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് അമൃതഹള്ളി പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പടിയായി കേസിൽ ചോദ്യം ചെയ്യാൻ പരാതിക്കാരിയുടെ ഭർത്താവിനെ വിളിച്ചുവരുത്താനാണ് പൊലീസിന്‍റെ നീക്കം.