ഭോപ്പാൽ: ശിക്ഷ കാലാവധി പൂർത്തിയായിട്ടും നാല് വർഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വന്ന യുവാവിന് നഷ്‌ടപരിഹാരം നൽകാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മധ്യപ്രദേശേില ചിന്ദ്വാര സ്വദേശിയായ ഇന്ദർ സിങാണ് ശിക്ഷ കാലാവധി കഴിഞ്ഞ് നാല് വർഷത്തിനു ശേഷം ജയിൽ മോചിതനായത്. ശിക്ഷ കാലാവധി കഴിഞ്ഞും തന്നെ അന്യായമായി തടങ്കലിൽ പാർപ്പിച്ചതിനെതിരെ ഇന്ദർ സിംഗ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവിട്ടത്.
അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജിലൻസ് രജിസ്‌ട്രാർക്ക് ഹൈക്കോടതി കർശന നിർദേശം നൽകി. 2005 ലാണ് വിചാരണ കോടതി ഇന്ദർ സിങിന് കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചത്. എന്നാൽ ഇന്ദർ തന്‍റെ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകി.
തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യയാണെന്ന് കണ്ടെത്തിയതോടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി. ശിക്ഷ 5 വർഷം കഠിനതടവായി പരിഷ്‌കരിച്ചു. പുതിയ വിധി അനുസരിച്ച് ഒരു ക്രിമിനൽ കേസിൽ അഞ്ച് വർഷത്തെ കഠിനതടവ് നേരത്തെ പൂർത്തിയാക്കിയെങ്കിലും 2012 ജൂൺ 2 നാണ് യുവാവ് ജയിൽ മോചിതനായത്. പിഴവിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തിയാൽ അയാൾക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.