ഹൈദരാബാദ്: സൗത്ത് സെൻട്രൽ റെയിൽവേ ബോർഡിലെയും സെൻട്രൽ ഫിലിം സെൻസർ ബോർഡിലെയും അംഗമായി ആൾമാറാട്ടം നടത്തിയയാളെ തെലങ്കാന പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ടീം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കോട്ട വെങ്കിടേഷ്(44)ൽ നിന്നും കാർ, വ്യാജ തിരിച്ചറിയൽ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ എന്നിവ പിടിച്ചെടുത്തു. ഇ-പാസ് ഇല്ലാതെ സൗത്ത് സെൻട്രൽ റെയിൽവേ ബോർഡ് അംഗത്തിന്‍റെ ബോർഡും അശോക സ്തംഭവും സ്ഥാപിച്ച കാറിൽ പോകവെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
എൽ ബി നഗറിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കോട്ട വെങ്കിടേഷ് മുൻപ് ഡിവിഷണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം മാത്രമായിരുന്നുവെന്നും സൗത്ത് സെൻട്രൽ റെയിൽവേ ബോർഡ് അംഗമായിരുന്നില്ലെന്നും പൊലീസ് പറയുന്നു. കൂടാതെ, 2016 മുതൽ 2018 വരെയുള്ള കാലയളവിൽ സെൻട്രൽ ഫിലിം സെൻസർ ബോർഡിന്‍റെ പാനൽ ബോർഡ് അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
എന്നാൽ പദവികളിൽ നിന്ന് മാറിയ ശേഷം ബോർഡുകൾ നീക്കം ചെയ്യുന്നതിന് പകരം വെങ്കിടേഷ് അവ തന്‍റെ സ്വകാര്യ വാഹനത്തിൽ അതേപടി നിലനിർത്തിക്കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുകയായിരുന്നു. കാലഹരണപ്പെട്ട തിരിച്ചറിയൽ കാർഡുകളും വിസിറ്റിങ് കാർഡുകളും ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഐപിസി സെക്ഷൻ 17, 419, സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (അനുചിതമായ ഉപയോഗ നിരോധനം) ആക്റ്റ് -2005 ലെ സെക്ഷൻ 7 എന്നിവ പ്രകാരം വെങ്കിടേഷിനെതിരെ എൽ ബി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.