ഹൈദരാബാദ് : 12 വർഷത്തിനിടെ ക്രിക്കറ്റ് വാതുവയ്‌പ്പിലൂടെ തെലങ്കാന സ്വദേശി തുലച്ചത് 100 കോടി രൂപയെന്ന് പൊലീസ്. എൽബി നഗർ മേഖലയിലെ വനസ്ഥലിപുരം സ്വദേശി അശോക് റെഡ്ഡിയാണ് വാതുവയ്‌പ്പിലൂടെ കോടികൾ നഷ്‌ടപ്പെടുത്തിയത്. ക്രിക്കറ്റ് വാതുവയ്‌പ്പ് ശീലമാക്കിയ ഇയാൾ പതിറ്റാണ്ടുകളായി റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിന്ന് സമ്പാദിച്ച വരുമാനം വാതുവയ്‌പ്പിലൂടെ നശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിനോദത്തിനായി തുടങ്ങിയ വാതുവയ്‌പ്പ് ലഹരിയായി മാറിയതോടെ വലിയ സാമ്പത്തിക തകര്‍ച്ചയുണ്ടായി. എന്നാൽ, വാതുവയ്‌പ്പ് നിർത്താൻ അശോക് തയ്യാറായില്ല. നിരന്തരമായി ക്രിക്കറ്റ് വാതുവയ്‌പ്പ് തുടർന്നതോടെ ഇയാൾ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു.
ക്രിക്കറ്റ് വാതുവയ്‌പ്പിൽ ബന്ധുമിത്രാദികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൈപ്പറ്റിയ നൂറ് കോടിയിലധികം നഷ്‌ടപ്പെട്ടിട്ടും ഇയാൾ വാതുവയ്‌പ്പ് തുടരുകയായിരുന്നുവെന്ന് രചകൊണ്ട പൊലീസ് കമ്മിഷണർ ഡിഎസ് ചൗഹാൻ പറഞ്ഞു. ക്രിക്കറ്റ് വാതുവയ്‌പ്പ് കേസിൽ അറസ്‌റ്റിലായ ശേഷം അശോക് തന്നെയാണ് വാതുവയ്‌പ്പ് ചരിത്രം പൊലീസിനോട് വിവരിച്ചത്.
കളിച്ചുകളിച്ച് ഒടുവിൽ പൊലീസിന്‍റെ വലയിൽ: വെള്ളിയാഴ്‌ച നഗരത്തിൽ ക്രിക്കറ്റ് വാതുവയ്‌പ്പ് നടത്തിയ രണ്ടുപേരെയും ഒരു കളക്ഷൻ ഏജന്‍റിനേയും എൽബി നഗർ എസ്‌ഡബ്ല്യുഒടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം കസ്‌റ്റഡിയിൽ ഉള്ള പ്രതികളുടെ പൂർവ ചരിത്രം കണ്ടെത്താനുള്ള ശ്രമം നടത്തിയതിൽ നിന്നാണ് അശോക് റെഡ്ഡിയുടെ വാതുവയ്‌പ്പ് ചരിത്രം പുറത്തുവന്നത്. ചുരുങ്ങിയ സമയംകൊണ്ട് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിന്ന് വലിയ വരുമാനം ഉണ്ടാക്കിയ വ്യക്തികൂടിയാണ് അശോക് റെഡ്ഡിയെന്ന് പൊലീസ് പറഞ്ഞു.
ലാഭം ഉണ്ടാക്കാൻ ആവർത്തിച്ച് 'കളി': ആദ്യ ഘട്ടത്തിൽ ലക്ഷക്കണക്കിന് രൂപ വാതുവയ്‌പ്പിലൂടെ ലഭിച്ചപ്പോൾ കൂടുതൽ തുക സമ്പാദിക്കാനായി അയാൾ വീണ്ടും വാതുവയ്‌പ്പ് തുടരുകയായിരുന്നു. ശേഷം വാതുവയ്‌പ്പിന് അടിമയായി. പല പ്രാവശ്യം പണം നഷ്‌ടപ്പെട്ടിട്ടും അയാൾ ഈ ശീലത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.
also read: ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം ; കളി കാണാന്‍ എത്തിയ ആള്‍ അമ്പയറെ കുത്തിക്കൊന്നു
സമ്പാദ്യം തീർന്നപ്പോൾ കടം വാങ്ങിയും 'കളി': കയ്യിലെ സമ്പാദ്യം തീർന്നതോടെയാണ് പരിചയക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം വാങ്ങി വാതുവയ്‌പ്പിൽ നിക്ഷേപിക്കുന്നത് പതിവാക്കിയത്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് നഷ്‌ടമായത്. കഴിഞ്ഞ 12 വർഷത്തിനിടെ വിവിധ സംഭവങ്ങളിലായി 100 കോടിയോളം രൂപ നഷ്‌ടപ്പെട്ടതായി ഇയാൾ പൊലീസിനോട് പറഞ്ഞു. സ്വന്തമായി തുടങ്ങിയ കമ്പനിയിൽ നഷ്‌ടം വന്നതോടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒളിവിൽ കഴിയുന്ന ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടി ക്രിക്കറ്റ് വാതുവയ്‌പ്പ് തുടരുകയായിരുന്നെന്നും പൊലീസ് പറയുന്നു.