ജബല്‍പൂര്‍ : ശ്രദ്ധ വാക്കറുടെ കൊലപാതകത്തിന്‍റെ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പ്, വിശ്വാസ വഞ്ചന കാണിച്ചുവെന്നാരോപിച്ച് പെണ്‍സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ മേഖ്‌ല റിസോര്‍ട്ടിലാണ് നടുക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പതാന്‍ ടൗണ്‍ സ്വദേശിയായ പ്രതി അഭിജിത്ത് പതിധര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്.
കൊല്ലപ്പെട്ട യുവതി ജബല്‍പ്പൂരിലെ കുന്ദാം സ്വദേശിനിയായ ശില്‍പ ജാരിയ(22) യാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നവംബര്‍ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിസോര്‍ട്ടിലെ ബെഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതശരീരത്തിനടുത്ത് നിന്ന് എന്നോട് വിശ്വാസവഞ്ചന അരുത് എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് വീഡിയോ പങ്കുവച്ചത്.
മറ്റൊരു വീഡിയോയില്‍ താന്‍ പട്‌നയില്‍ എണ്ണ, പഞ്ചസാര തുടങ്ങിയവയുടെ വ്യാപാരിയാണെന്ന് പറഞ്ഞ് അഭിജിത്ത് സ്വയം പരിചയപ്പെടുത്തുകയും താനാണ് ശില്‍പയെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം അഭിജിത്ത് സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നുവെന്നും വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും പെലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ് ബഹുഗുണ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് സൂചനകള്‍ തിരയുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയായ അഭിജിത് യഥാര്‍ഥത്തില്‍ ഗുജറാത്ത് സ്വദേശിയാണ്. ശില്‍പയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് കൊലപാതകം നടന്ന ശേഷമുള്ള ആദ്യ വീഡിയോ പ്രതി പങ്കുവച്ചത്. പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്തിയെന്നും ഇയാളെ പിടികൂടാന്‍ സ്ഥലത്ത് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.