മധുര : തമിഴ്‌നാട്ടില്‍ മഞ്ജുവിരട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര വിമാനത്താവളത്തിന് സമീപം പാലമേടുള്ള എളിയാര്‍പതി ഗ്രാമത്തിലാണ് സംഭവം (Man Killed at Manju Virattu). ജെല്ലിക്കെട്ട് കണ്ടുകൊണ്ടു നിന്ന രമേഷ് (22) ആണ് മരിച്ചത്.
ഇതേ ഗ്രാമത്തില്‍ നിന്നുതന്നെയുള്ള ആളാണ് രമേഷ്. ഇയാള്‍ ഒരു നിര്‍മ്മാണത്തൊഴിലാളിയാണ്. മഞ്ജുവിരട്ട് കണ്ടുനില്‍ക്കുന്നതിനിടെ പിന്നിലൂടെ എത്തിയ കാള ഇയാളെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേഷിനെ മധുര രാജാജി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രമേഷിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തമിഴ് മാസമായ തായ് മാസം ഒന്നാം തീയതി മുതല്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന ആഘോഷമാണ് ജെല്ലിക്കെട്ടും മഞ്ജുവിരട്ടും. അവണിയാപുരം, പാലമേട്, അളങ്കനെല്ലൂര്‍ തുടങ്ങിയ മേഖലകളിലാണ് ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടന്നത്. അവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് ഏറെ ആഘോഷപൂര്‍ണമായിരുന്നു. നിരവധിപേര്‍ ഇത് കാണാനും എത്തി.
എല്ലാവര്‍ഷവും ജെല്ലിക്കെട്ട്-മഞ്ജുവിരട്ട് ആഘോഷങ്ങള്‍ക്കിടെ സമാന സംഭവങ്ങളുണ്ടാകാറുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി കാളകളെ ആഘോഷ പരിപാടികളിലേക്ക് എല്ലാക്കൊല്ലവും എത്തിക്കാറുമുണ്ട്. കനത്ത സുരക്ഷയിലാണ് ആഘോഷങ്ങള്‍ നടക്കുന്നതെങ്കിലും പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോകാറാണ് പതിവ്. ആവേശം അണപൊട്ടുന്നതോടെ കാളകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുന്നത് അടക്കമുള്ള സംഭവങ്ങളാണ് തമിഴ്‌നാടിന്‍റെ വിവിധ കോണുകളില്‍ നിന്ന് എല്ലാവര്‍ഷവും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. മൃഗങ്ങളെയും മനുഷ്യരെയും സംരക്ഷിക്കാന്‍ നിയമങ്ങളുണ്ടാകണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
Also Read: കോയമ്പത്തൂർ ജെല്ലിക്കെട്ടിൽ ഒരു മരണം; 15 പേർക്ക് പരിക്ക്
2014ൽ ഇന്ത്യൻ മൃഗസംരക്ഷണ ബോർഡും പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് എന്ന സംഘടനയും ചേർന്ന് ജെല്ലിക്കെട്ടിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൻമേൽ ഇത് നിരോധിച്ചുകൊണ്ടുള്ള വിധി വന്നിരുന്നു. തുടർന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ 2017ൽ നിരോധനം നീക്കിക്കൊണ്ടുള്ള നിയമ ഭേദഗതി കൊണ്ടുവന്നു.