ചെന്നൈ: മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച യുവാക്കളില്‍ നിന്ന് ഫോണ്‍ തിരിച്ചുവാങ്ങാന്‍ ശ്രമിക്കവെ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് 24 കാരന് ദാരുണാന്ത്യം. റോണി എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ കോരുക്കുപേട്ട അംബേദ്‌കര്‍ നഗര്‍ റെയില്‍വേ കോളനിയില്‍ നിന്ന് വിജയകുമാര്‍ (19), വിജയ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവം ഇങ്ങനെ: റോണിയും ബന്ധുവായ അസറബ് ഷേക്കും കൊറോമാണ്ടല്‍ എക്‌സ്‌പ്രസിന്‍റെ എസ് ഫോര്‍ കമ്പാര്‍ട്ട്മെന്‍റില്‍ ഡോറിന് സമീപം ഇരിക്കുകയായിരുന്നു. ട്രെയിന്‍ ബേസിന്‍ ബ്രിഡ്‌ജ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യുവാക്കള്‍ റോണിയുടെ കൈയിലുണ്ടായിരുന്ന ഫോണ്‍ തട്ടി താഴെയിടുകയും താഴെ വീണ ഫോണ്‍ കൈക്കലാക്കി ഓടുകയും ചെയ്‌തു. ഫോണ്‍ തിരിച്ച് വാങ്ങാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് വീണ റോണിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.
പൊലീസ് എത്തി ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
സമാനമായ സംഭവം ഡല്‍ഹിയിലും: കഴിഞ്ഞ മാസം മൊബൈല്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യാത്രക്കാരന്‍ തള്ളിയതിനെ തുടര്‍ന്ന് അയോധ്യ എക്‌സ്‌പ്രസില്‍ നിന്ന് യുവാവ് വീണ് മരിച്ചത് വാര്‍ത്തയായിരുന്നു. ബറേലിക്കും ഡല്‍ഹിക്കും ഇടയില്‍ വച്ചായിരുന്നു സംഭവം. ഓടുന്ന ട്രെയിനില്‍ നിന്ന് തെറിച്ചു വീണ ഇയാളെ രക്ഷിക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു യാത്രക്കാരെ വിമര്‍ശിച്ച് പലരും രംഗത്ത് വന്നത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും സംഭവത്തില്‍ യുവാവിനെ തള്ളിയ യാത്രക്കാരനെ പിടികൂടുകയും ചെയ്‌തു. ട്രെയിനില്‍ വച്ച് ഒരു സ്‌ത്രീയുടെ മൊബൈല്‍ മോഷ്‌ടിക്കാന്‍ യുവാവ് ശ്രമിച്ചു എന്നും തുടര്‍ന്ന് യാത്രക്കാരില്‍ ഒരാള്‍ ഇയാളെ തള്ളിയിട്ടതായും ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ നരേന്ദ്ര കുമാർ ദുബെ എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്.