റാംപൂർ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ (Rampur) ഗോവധ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു (Man Accused Of Cow Slaughter Killed In Police Encounter In UP). റാംപൂരിലെ പട്‌വായ് പോലീസ് (Patwai Police) സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മൊറാദാബാദ് സ്വദേശി സാജിദ് (23) ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളി ബബ്‌ലു വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
പട്‌വായ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഗോവധ കേസ് അന്വേഷിക്കുന്നതിനിടെ പ്രതികൾ ശനിയാഴ്‌ച രാത്രി മൊറാദാബാദിലേക്ക് (Moradabad ) വരുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ഇവരുടെ കാർ അവിടേക്ക് എത്തി. പൊലീസിനെ കണ്ട് അതിവേഗത്തില്‍ രക്ഷപ്പടാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയും, മറിഞ്ഞ കാറില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികള്‍ വെടിയുതിര്‍ത്തതോടെ പൊലീസ് സ്വയരക്ഷാര്‍ത്ഥം തിരിച്ചടിച്ചു. പൊലീസ് വെടിവയ്പ്പില്‍ സാജിദും ബബ്‌ലുവും പരിക്കേറ്റ് വീണു. തുടര്‍ന്ന് ഇരുവരെയും പൊലീസ് തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാജിദ് ചികിത്സയിലിരിക്കെ മരിച്ചു.
സാജിദും ബബ്‌ലുവും മൊറാദാബാദിലെ താമസക്കാരാണെന്നും, ഇവര്‍ക്ക് ക്രിമിനൽ പശ്‌ചാത്തലമുണ്ടെന്നും റാംപൂർ പോലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 307 (കൊലപാതകശ്രമം), ആയുധ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് നാടൻ പിസ്റ്റളുകൾ, വെടിയുണ്ടകൾ, പശുവിനെ കൊല്ലാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായും എസ്‌പി വ്യക്തമാക്കി.
Also Read: പശുക്കളെ അറുത്തെന്ന് ആരോപിച്ച് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു