ന്യൂഡൽഹി : അബദ്ധത്തിൽ വെടിയുതിർത്ത് 18കാരൻ. ന്യൂഡൽഹിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കളുമായി കപഷേര പ്രദേശത്തുള്ള ഗസ്റ്റ് ഹൗസിൽ പാർട്ടി നടത്തുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സംഭവം നടക്കുമ്പോൾ നാല് പേരും മദ്യലഹരിയിലായിരുന്നു.
പ്രായപൂർത്തിയാകാത്തയാൾ ഉത്തർപ്രദേശിൽ നിന്ന് നിയമവിരുദ്ധമായി വാങ്ങിയതായിരുന്നു തോക്ക്. ആയുധം കണ്ട ആവേശത്തിൽ ശിവം എന്ന 18കാരൻ തോക്കെടുത്ത് വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും അബദ്ധത്തിൽ സ്വന്തം കാൽമുട്ടിൽ വെടിയേറ്റു.
സംഭവത്തെ തുടർന്ന് സുഹൃത്തുക്കൾ ലഖ്‌നൗവിലേക്ക് കടന്നുകളഞ്ഞു. ശിവം ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിക്കുകയും രക്തം വീണ നിലം വൃത്തിയാക്കുകയും ചെയ്തു.
തുടർന്ന് മറ്റൊരു സുഹൃത്തിനൊപ്പം സഫ്‌ദർജംഗിലെ ആശുപത്രിയിൽ ചികിത്സക്കായി എത്തുകയും ഇവിടുന്ന് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസുകാരോട് ആദ്യം റോഡ് അപകടത്തിൽ സംഭവിച്ചതാണെന്നും പിന്നീട് ബൈക്കിലെത്തിയ ഇരുവർ സംഘം കപഷേര റോഡിൽ വച്ച് മോഷണശ്രമം നടത്തുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയുമായിരുന്നുവെന്നും മൊഴി നൽകി.
Also Read: ദുരിതപ്പെയ്‌ത്ത് : പിണറായിയെ ഫോണില്‍ വിളിച്ച് മോദി ; സഹായവാഗ്‌ദാനം
എന്നാല്‍ ശിവത്തെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ സ്വയം വെടിയേറ്റ രീതിയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഗസ്റ്റ് ഹൗസ് ജീവനക്കാരെ ചോദ്യം ചെയ്തതോടെ ശിവം അബദ്ധത്തില്‍ വെടിയുതിർത്തതാണെന്ന് സമ്മതിച്ചു. നിലത്തെ രക്തം വൃത്തിയാക്കി തെളിവ് നശിപ്പിക്കാൻ ശിവത്തിനെ സഹായിച്ചെന്ന് വെളിപ്പെടുത്തുകയും ചെയ്‌തു.
സംഭവത്തിൽ ഐപിസി സെക്ഷൻ 201, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും ഒളിവിൽ പോയ പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.
വെടിയുതിർത്ത സംഭവം പൊലീസിൽ അറിയിച്ചില്ല, ലൈസൻസ് ഇല്ലാത്ത ഗസ്റ്റ് ഹൗസ് പ്രവർത്തിപ്പിച്ചു എന്നീ കൃത്യങ്ങളിൽ ഗസ്റ്റ് ഹൗസിനെതിരെയും പൊലീസ് കേസെടുത്തു. തെളിവുകൾ നശിപ്പിക്കുന്നതിന് പ്രതികളെ സഹായിച്ചതിന് ജീവനക്കാർക്കെതിരെയും കേസുണ്ട്.