കൊൽക്കത്ത: സിലിഗുരിയിൽ ഇന്നലെ നടന്ന പ്രതിഷേധ റാലിക്കിടെ ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാവിപ്പാർട്ടി സ്വന്തം റാലികളിൽ ആളുകളെ കൊല്ലാൻ തുടങ്ങിയിരിക്കുന്നുവെന്ന് മമതാ ബാനര്‍ജി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ബിജെപി റാലിക്കിടെയുണ്ടായ അക്രമത്തിലാണ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. റാലിക്കിടെ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി ചൊവ്വാഴ്‌ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന്‍റെ ഭാഗമായി ബിജെപി പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് മമതാ ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനികൾ വിൽക്കാൻ തൃണമൂൽ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും പൊതു യോഗത്തിൽ പങ്കെടുക്കവേ മമത പറഞ്ഞു.
ഉത്തര ബംഗാൾ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ബ്രാഞ്ചിലേക്ക് നടത്തിയ റാലിക്കിടെ പൊലീസ് നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി പശ്ചിമബംഗാളില്‍ 12 മണിക്കൂര്‍ ബന്ദ് ആചരിച്ചു.