കൊല്‍ക്കത്ത : ഭൂമി കൈയേറ്റക്കേസില്‍ നാടകീയ നീക്കവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചായിരുന്നു നിര്‍ണായക നടപടി. വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മമത ഇക്കാര്യം അറിയിച്ചത്. മമത ബാനർജിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകകള്‍ സംബന്ധിച്ച് കൽക്കട്ട ഹൈക്കോടതിയിൽ ഫയല്‍ ചെയ്‌ത കേസിന്‍റെ വിചാരണ നടക്കാനിരിക്കെയാണ് അന്വേഷണ സമിതിക്ക് രൂപം നൽകിയത്.
തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഭൂമി കൈയേറ്റ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവരം മമത തന്നെയാണ് പുറത്തുവിട്ടത്. 'എന്‍റെയോ കുടുംബത്തിന്റെയോ പേരിൽ സർക്കാർ ഭൂമി കൈയേറിയതിന് എന്തെങ്കിലും തെളിവ് ലഭിച്ചാൽ, അതെല്ലാം ബുൾഡോസർ ഉപയോഗിച്ച് നിങ്ങള്‍ പൊളിച്ചുമാറ്റൂ. ഞാന്‍ ചീഫ് സെക്രട്ടറിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണോ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത് അവര്‍ ഇക്കാര്യങ്ങളില്‍ വിശദീകരണവും നല്‍കണം' - മമത പറഞ്ഞു.
ബിജെപി പ്രതികാരം തീര്‍ക്കുകയാണ്: 'തന്‍റെ പ്രതിഛായ മോശമാക്കാന്‍ പ്രതിപക്ഷം ദിനം പ്രതി ശ്രമിച്ചുവരികയാണെന്ന് മമത ആരോപിച്ചു. പശ്ചിമ ബംഗാൾ പശുക്കടത്തിനെ കുറിച്ചും കല്‍ക്കരി കടത്തിനെകുറിച്ചും ബിജെപി എന്തുകൊണ്ട് മിണ്ടുന്നില്ല. ധൈര്യമുണ്ടെങ്കില്‍ പ്രതിപക്ഷം ഇതിന് മറുപടി പറയണമെന്നും മമത ആവശ്യപ്പെട്ടു.
'ബിജെപി പ്രതികാര രാഷ്‌ട്രീയമാണ് നിര്‍വഹിക്കുന്നത്. ഞാന്‍ രാഷ്‌ട്രീയത്തിൽ വന്നത് സമൂഹത്തെ സേവിക്കാനാണ്. തനിക്കെതിരായ ഗൂഢാലോചന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്' - മമത ബാനർജി പറഞ്ഞു.