ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. മമത ബംഗാളിലെ അക്രമങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും രാജ്യം നോക്കാൻ നരേന്ദ്ര മോദിയുണ്ടെന്നുമായിരുന്നു ദിലീപ് ഘോഷിന്‍റെ പരാമർശം.
ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഘോഷ് പറഞ്ഞു. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഘോഷിന്‍റെ പരാമർശം. മമത ബാനർജിയുടെ ശ്രദ്ധ ബംഗാളിന്‍റെ വികസനത്തിലേക്കോ കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലേക്കോ അല്ല.
മറിച്ച് കേന്ദ്രസർക്കാരിനെ എങ്ങനെ തകർക്കാം എന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ പേര് മാറ്റാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്‍റെ നിർദ്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മമത ബാനർജി എല്ലാ മാസവും ഒരു നിർദ്ദേശം കേന്ദ്രത്തിലേക്ക് അയയ്ക്കുന്നുണ്ട്. പക്ഷെ അവരുടെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read:പ്രകോപനം അതിരുകടന്നു, യുവാവിനെ ആന ചവിട്ടിക്കൊന്നു
കൂടാതെ പശ്ചിമ ബംഗാളിലേക്ക് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച അദ്ദേഹം നിലവിൽ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ അനുവദിക്കുന്നതെന്നും പറഞ്ഞു.