കൊൽക്കത്ത: ജൂലൈ അവസാന വാരത്തിൽ ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്‌ച അറിയിച്ചു. അതേസമയം എസ്‌എസ്‌എൽസി പരീക്ഷകൾ ഓഗസ്റ്റ് രണ്ടാം വാരത്തിൽ നടത്തിയേക്കുമെന്നും മമത വ്യക്തമാക്കി.
ബോർഡ് പരീക്ഷകൾക്ക് തീയതി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് ബംഗാൾ. സർക്കാർ നിർദേശപ്രകാരം നിർബന്ധിത വിഷയങ്ങൾക്ക് മാത്രമാകും പരീക്ഷകൾ നടത്തുക. ഇന്‍റേർണൽ മാർക്കുകളുടെ അടിസ്ഥാനത്തിൽ മറ്റ് വിഷയങ്ങളിൽ മൂല്യനിർണയം നടത്തും.
അതേസമയം പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നേരിട്ട് എത്തേണ്ടതില്ലെന്നും പകരം ഹോം സെന്‍ററുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സ്‌കൂൾ അധികാരികൾ ഇതിന്‍റെ നേതൃത്വം ഏറ്റെടുത്ത് കൊവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ടുള്ള സെന്‍ററുകൾ ക്രമീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു.
രണ്ട് പരീക്ഷകളുടെയും സമയപരിധി സാധാരണ മൂന്ന് മണിക്കൂറിന് പകരം ഒന്നര മണിക്കൂറായിരിക്കും. പരീക്ഷാ പേപ്പറുകൾ അതത് പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. പരീക്ഷ സംബന്ധിച്ച മുഴുവൻ പ്രക്രിയകളുടെയും രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ബാക്കി തീരുമാനങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സ്വീകരിക്കുകയെന്നും മുഖ്യാമന്ത്രി വ്യക്തമാക്കി.