കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പോഡ്‌കാസ്റ്റായ മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിന് മുൻപ് മോദിയോട് ചോദ്യങ്ങളുമായി ടിഎംസി എംപി മഹുവ മൊയ്‌ത്ര. ഡൽഹിയിൽ അത്‌ലറ്റുകളുടെ സമരവും ഗൗതം അദാനി കേസും പരാമർശിച്ചുകൊണ്ടായിരുന്നു മഹുവയുടെ ട്വീറ്റ്. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് മൻ കി ബാത്ത് ഇന്ന് രാവിലെ സംപ്രേഷണം ചെയ്‌തിരുന്നു.
ഇതിന് മണിക്കൂറുകൾ മുൻപാണ് ചോദ്യശരവുമായി മഹുവയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് പ്രധാനമായും എം പി ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബിജെപി വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കാൻ കഴിയാത്തത്?. എന്തുകൊണ്ട് സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യ്‌ക്ക് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിയായ രണ്ട് മാസത്തിനുള്ളിൽ അദാനി അന്വേഷണം പൂർത്തിയാക്കാൻ സാധിക്കാത്തത്? എന്നിവയായിരുന്നു മഹുവയുടെ ചോദ്യങ്ങൾ.
ബ്രിജ് ഭൂഷൺ കേസിലെ അന്വേഷണം: ഒക്‌ടോബർ 2021 മുതൽ സെബി കേസിൽ അന്വേഷണം നടത്തിവരികയാണെന്നും അദാനിയ്‌ക്ക് അഴിമതികൾ മറച്ചുവയ്‌ക്കാൻ ആറ് മാസം സെബി സമയം അനുവദിക്കുകയാണെന്നും പ്രഥമദൃഷ്‌ടിയാൽ നിയമലംഘനം കാണിക്കുന്നതായി വ്യക്തമാണെന്നും എംപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണങ്ങളെ കുറിച്ചും മഹുവ പരാമർശിച്ചു. ബ്രിജ് ഭൂഷനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് ഏപ്രിൽ 25 ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. എന്നാൽ അറസ്‌റ്റ് ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല.
also read: നൂറിന്‍റെ നിറവില്‍ മന്‍ കി ബാത്ത്; കേരളം പ്രധാനമന്ത്രിക്ക് പ്രഭാഷണ വിഷയമായത് 12 തവണ
അദാനിയ്‌ക്ക് സെബി കുടപിടിക്കുന്നോ: ഓഹരി വിപണിയിലെ കൃത്രിമവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സെബി ആവശ്യപ്പെട്ടു. ഈ സംഭവത്തെ മഹുവ ട്വിറ്ററിലൂടെ വിമർശിച്ചു. കൂടുതൽ സമയം അനുവദിച്ച് ഗൗതം അദാനിയെ സെബി സംരക്ഷിക്കുകയാണെന്നായിരുന്നു എംപിയുടെ ആരോപണം. നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ റഗുലേറ്ററിന് സാധിക്കാത്തതിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം 2014 ൽ ആരംഭിച്ച മൻ കി ബാത്തിന്‍റെ 100-ാം എപ്പിസോഡ് ഇന്ന് പ്രധാനമന്ത്രി പൂർത്തിയാക്കി. ജനങ്ങളുടെ നന്മയുടെയും പോസിറ്റിവിറ്റിയുടെയും അതുല്യമായ ഉത്സവമായി മൻ കി ബാത്ത് മാറിയെന്ന് സംപ്രേക്ഷണം അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു. 100-ാം എപ്പിസോഡ് രാജ്യത്തുടനീളം രാവിലെ 11 മണിയ്‌ക്ക് തത്സമയ സംപ്രേക്ഷണം നടത്തി.
also read: 'കോൺഗ്രസ് നേതാക്കള്‍ എന്നെ അധിക്ഷേപിച്ചത് 91 തവണ'; കര്‍ണാടക വോട്ടുകൊണ്ട് മറുപടി പറയുമെന്ന് മോദി