നൽഗൊണ്ട (തെലങ്കാന): രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് നീങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രമായി തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ പെഡ്ഡ കപർത്തി ഗ്രാമത്തിലെ മഹാത്മാഗാന്ധി ക്ഷേത്രവും. ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെ ചിത്യാൽ ടൗണിനടുത്തുള്ള പെഡ്ഡ കപർത്തിയിലുള്ള മഹാത്മാഗാന്ധി ക്ഷേത്രത്തിലേക്ക് വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ഭക്തരുടെ ഒഴുക്കാണ്. സാധാരണ ദിവസങ്ങളിൽ 60 മുതൽ 70 വരെ സന്ദർശകരെത്തുന്ന ക്ഷേത്രത്തിൽ രാജ്യത്തിന്‍റെ 75 -ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ദിവസം 350 ഓളം ഭക്തർ എത്തുന്നതായി ക്ഷേത്ര പരിപാലനം നടത്തുന്ന മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പിവി കൃഷ്ണറാവു അറിയിച്ചു.
“സാധാരണമായി നിത്യേന 60 മുതൽ 70 വരെ ആളുകള്‍ ക്ഷേത്രത്തിൽ പ്രാർഥനക്കായി എത്താറുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ 'ആസാദി കാ അമൃത് മഹോത്സവ്', തെലങ്കാന സര്‍ക്കാരിന്‍റെ 'സ്വതന്ത്ര ഭാരത് വജ്രോത്സവലു' എന്നിവക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത ദിവസം 300 മുതല്‍ 340 വരെ എന്ന രീതിയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി". 2014 ല്‍ നിര്‍മിച്ച ക്ഷേത്രത്തില്‍ ഓഗസ്‌റ്റ് 15 ലെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് പ്രത്യേക പരിപാടികളൊന്നും നടത്തുന്നില്ലെങ്കിലും ഒക്‌ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പ്രത്യേക പൂജകള്‍ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾ കുടുംബാംഗങ്ങൾക്കൊപ്പം പ്രാർത്ഥനകള്‍ക്കായി പതിവായി എത്തിയതോടെ ക്ഷേത്രം പ്രാധാന്യം നേടിത്തുടങ്ങി. ഹൈദരാബാദ് -വിജയവാഡ ഹൈവേയോട് ചേർന്ന് നാല് ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ആളുകള്‍ക്ക് അനുഗ്രഹം നൽകുന്ന ഭാവത്തിലാണ് മഹാത്മജി ഇരിക്കുന്നത്. ചിത്യാലിന്‍റെ സമീപ ഗ്രാമങ്ങളിലെ നവദമ്പതികൾക്ക് വിവാഹദിനത്തിൽ ക്ഷേത്ര ട്രസ്‌റ്റ് പട്ടുവസ്‌ത്രം നല്‍കുന്നത് ആരംഭിച്ചതായും കൃഷ്ണറാവു പറഞ്ഞു. ഗ്രാമവാസികൾ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യുന്നതിനുമുമ്പ് പ്രാർഥിക്കുകയും ബാപ്പുവിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്യുന്നത് ആചാരമാണെന്നും അദ്ദേഹം അറിയിച്ചു.
തെലങ്കാന ടൂറിസം ഡിപ്പാർട്ട്‌മെന്റ് സംസ്ഥാനത്തെ ദൈവിക കേന്ദ്രങ്ങളിലൊന്നായി ക്ഷേത്രത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.