മുംബൈ: മഹാരാഷ്‌ട്രയിൽ 24 മണിക്കൂറായി വ്യാപക മഴ തുടരുന്നു. മഹാബലേശ്വർ പ്രദേശത്ത് റെക്കോഡ് മഴയാണ് ഇതിനകം റിപ്പോർട്ട് ചെയ്‌തത്. പ്രദേശത്ത് ഇതിനകം 594 എംഎം മഴ ലഭ്യമായെന്നും 1977 ജൂലൈ മാസത്ത് റിപ്പോർട്ട് ചെയ്‌ത 439.8 എംഎം എന്ന കണക്കിനെ മറികടന്ന് മഴ ഇത്തവണ റിപ്പോർട്ട് ചെയ്‌തെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസി വൈസ് പ്രസിഡന്‍റ് മഹേഷ് പലാവത്ത് പറഞ്ഞു. നാളെയോടെ മഴയുടെ അളവ് കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം.
റായ്‌ഗഡിൽ മണ്ണിടിച്ചിൽ
കനത്ത മഴയെ തുടർന്ന് റായ്‌ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 36 ആയി. റായ്‌ഗഡിലെ തലായ് മേഖലയിൽ 32 പേരും ശങ്കർ സുതാർ വാഡി മേഖലയിൽ നാല് പേരുമാണ് മരിച്ചതെന്ന് റായ്‌ഗഡ് കലക്‌ടർ നിതി ചൗധരി പറഞ്ഞു. റായ്‌ഗഡിൽ നാല് മേഖലകളിലാണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം കോലാപൂർ ജില്ലയിൽ പഞ്ച്ഗംഗ നദിയിലെ ജലനിരപ്പ് ഉയരുകയാണ്. പ്രദേശത്ത് ജാഗ്രത പുലർത്തുകയാണെന്ന് ജില്ല ദുരന്ത നിവാരണ സെൽ അറിയിച്ചു.
മണ്ണിടിച്ചിലിനെത്തുടർന്ന് റായ്‌ഗഡിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. ഇതുവരെ 1000 പേരെ വിവിധ മേഖലകളിൽ നിന്നായി രക്ഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ തീരദേശ മേഖലയായ രത്‌നഗിരിയിൽ ജൂലൈ മാസത്തിലെ കണക്ക് പ്രകാരം 40 വർഷത്തിലെ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചിപ്ലൂണിന്‍റെ 50 ശതമാനത്തിലധികവും വെള്ളത്തിനടിയിൽ
മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള രത്‌നഗിരിയിലെ തീരദേശ പട്ടണമായ ചിപ്ലൂണിന്‍റെ 50 ശതമാനത്തിലധികം പ്രദേശവും വെള്ളപ്പൊക്കത്തിൽ മുങ്ങി. 70,000ത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണ് ചിപ്ലൂൺ. കൂടാതെ മൂന്ന് ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായെന്നും രണ്ട് ജില്ലകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. റായ്‌ഗഡ്, രത്‌നഗിരി പ്രദേശങ്ങളിലേക്ക് സുരക്ഷ സംവിധാനങ്ങൾ ഉറപ്പു വരുത്തുന്നതിനായി വെസ്റ്റേൺ നേവൽ കമാൻഡ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ജാഗ്രത പുലർത്തണമെന്ന് ഉദ്ദവ് താക്കറെ
ദുരന്തനിവാരണ സേനയോട് ജാഗത പുലർത്തണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിർദേശിച്ചു. ഇതിനകം രത്‌നഗിരിയിലേക്ക് എൻഡിആർഎഫിന്‍റെ രണ്ട് സംഘങ്ങൾ പുറപ്പെട്ടിട്ടുണ്ട്.
47 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു; ദുരിത ബാധിതരായത് 965 കുടുംബങ്ങൾ
കനത്ത മഴയിൽ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് കോലാപൂരിൽ 47 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. 965 കുടുംബങ്ങളെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഷാനുവാഡി, പാൻഹാല, ഗഞ്ചൻമ്പാവ്‌ഡ, രാധാനഗരി, അജ്‌റ, ഗാന്ധിൻഗ്ലാഞ്ച്, ചാൻഡ്ഗാഡ് ടെഹ്‌സിൽ അടക്കമുള്ള പ്രദേശങ്ങളാണ് ഒറ്റപ്പെട്ടത്.