മുംബൈ: മൂന്ന് കോടി പേര്‍ക്ക് കൊവിഡ് വാക്‌സിൻ നല്‍കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്‌ട്ര. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംസ്ഥാനം വിജയകരമായി ഈ നേട്ടത്തിലേക്കെത്തിയത്. വെള്ളിയാഴ്‌ച 4,80,954 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ നല്‍കിയത്. ഇതോടെ ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3,02,71,606 ആയി.
also read: കുട്ടികള്‍ക്കുള്ള വാക്‌സിൻ; അന്തിമ തീരുമാനമായിട്ടില്ലെന്ന് ഐസിഎംആർ
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. വെള്ളിയാഴ്‌ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 9,677 പുതിയ കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 60,17,035 ആയി.
10,138 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 57,72,799 പേരാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 156 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 1,20,370 കൊവിഡ് രോഗികള്‍ സംസ്ഥാനത്ത് മരണപ്പെട്ടു.
ടെസ്‌റ്റുകളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,36,034 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം നടന്നതിനേക്കാള്‍ 2,32,576 സാമ്പിളുകളാണ് കൂടുതലായി പരിശോധിച്ചത്.