മുംബൈ: പൂജ ചവാൻ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശിവസേന നേതാവ് സഞ്ജയ് റാത്തോഡ് മഹാരാഷ്ട്ര വനം മന്ത്രിസ്ഥാനം രാജിവച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് കൈമാറി. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ, പ്രതിപക്ഷമായ ബിജെപി പ്രതിഷേധത്തിനു തയാറെടുക്കുന്ന സാഹചര്യത്തിലാണു രാജി.
രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. " സഞ്ജയ് റാത്തോഡ് രാജി നൽകിയിട്ടുണ്ട്, അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചു, ഞാൻ വനം മന്ത്രാലയത്തിന്‍റെ ചുമതല ഏറ്റെടുക്കും-ഉദ്ധവ് താക്കറെ പറഞ്ഞു.ഈ സംഭവം നടന്ന ദിവസം തന്നെ ഞങ്ങൾ ഈ കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളളനത്തിൽ പറഞ്ഞു.
മറാഠ്‌വാഡയിലെ ബീഡ് സ്വദേശിയായ പൂജ ചവാനെ ഫെബ്രുവരി എട്ടിനാണ് പുണെയിലെ ഫ്ലാറ്റിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. മന്ത്രി സഞ്ജയ് റാത്തോഡുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നെന്നും മരണത്തിൽ മന്ത്രിക്കു പങ്കുണ്ടെന്നും ആരോപിച്ച് സമൂഹമാധ്യമ പോസ്റ്റുകൾ വന്നതോടെ സംഭവം വിവാദമായത്.
ഇരുവരും ചേർന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. വിഷയം പിന്നീട് ബിജെപി ഏറ്റെടുത്തു. വലിയ തോതിലുള്ള പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയെങ്കിലും പെൺകുട്ടിയുടെ കുടുംബം മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. ആത്മഹത്യാക്കുറിപ്പും കണ്ടെത്താനായിട്ടില്ല.