റായ്‌പൂര്‍ : മഹാദേവ് ബെറ്റിങ് ആപ്പിന്‍റെ സ്ഥാപകന്‍ രവി ഉപ്പലിനെ (Ravi Uppal) ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിക്കും. ഇതിന് റായ്‌പൂര്‍ പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചു (Mahadev betting App). രവി ഉപ്പലിനെ ഇന്ത്യയിലെത്തിക്കാന്‍ അനുമതി തേടി റായ്‌പൂരിലെ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഹര്‍ജി നല്‍കിയിരുന്നു. കോടതി അനുമതി നല്‍കിയതോടെ ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇഡിക്ക് തുടങ്ങാനാകും.
ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ദുബായ്ക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ ഇഡി വലിയൊരു നിയമവിജയമാണ് നേടിയിരിക്കുന്നത്. ഉപ്പലിനെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാണ് ദുബായ് കോടതിയില്‍ നല്‍കിയിരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍റര്‍പോള്‍ വഴി ഉപ്പലിനെതിരെ ഇഡി ഒരു റെഡ്കോര്‍ണര്‍ നോട്ടിസും (Interpol red corner notice) പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ ഉപ്പലിനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്ത അറുപത് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ദുബായ് ഹൈക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കണം. 30 ദിവസമായി രവി ഉപ്പല്‍ ദുബായ് ജയിലിലാണ്. കോടതി ഉത്തരവിന് ശേഷം ഇഡിക്ക് വേണ്ടി വിദേശകാര്യമന്ത്രാലയത്തിന് അപേക്ഷ നല്‍കണം. ഇതിന് ശേഷം ഇയാളെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിക്കും.
കോടതിയുടെ കത്ത് യുഎഇ നയതന്ത്രകാര്യാലയത്തിന് അയക്കും. യുഎഇയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉപ്പലിനെ നാടുകടത്താനുള്ള മറ്റ് നടപടികളിലേക്ക് കടക്കും. നിയമനടപടികള്‍ക്കായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് എല്ലാ രേഖകളും വിദേശകാര്യമന്ത്രാലയത്തിന് കൈമാറും. പിന്നീട് വിദേശാകാര്യമന്ത്രാലയം ഇവ ദുബായിലെ ഇന്ത്യന്‍ നയന്ത്ര കാര്യാലയത്തിന് നല്‍കും. ഇവ ദുബായ് കോടതിയില്‍ സമര്‍പ്പിക്കും.
തുടര്‍ന്ന് ദുബായ് കോടതി നാടുകടത്തലിനുള്ള നിയമപരമായ അനുവാദം നല്‍കും. മഹാദേവ് ബെറ്റിങ് ആപ്പില്‍ ഇഡി വിജയിച്ചതായി ഇഡി അഭിഭാഷകന്‍ സൗരഭ് പാണ്ഡെ പറഞ്ഞു. യുഎഇ സര്‍ക്കാരിന് രേഖകള്‍ അയച്ച് നല്‍കിയാലുടന്‍ തന്നെ രവി ഉപ്പലിനെ ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിക്കും.
ബെറ്റിങ് ആപ്പിനായി പ്രൊമോഷന്‍ നടത്തിയ രണ്‍ബീര്‍ കപൂര്‍ ഉള്‍പ്പെടെ പതിനഞ്ച് താരങ്ങളെയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇവര്‍ വിവിധ ഇടങ്ങളില്‍ നേരിട്ടെത്തി പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയും പ്രതിഫലം സ്വീകരിക്കുകയും ചെയ്‌തിരുന്നുവെന്ന് ഇഡി കണ്ടെത്തി. വന്‍തോതില്‍ ഹവാല ഇടപാടുകളും ആപ്പിന്‍റെ പേരില്‍ നടന്നതായി വ്യക്തമായിട്ടുണ്ട്.