ലഖ്‌നൗ: ഇന്ത്യന്‍ ഭരണഘടന മദ്രസയില്‍ പാഠ്യവിഷയമാക്കാന്‍ ഒരുങ്ങി ലഖ്‌നൗവിലെ ദാറുല്‍ ഉലൂം മതപഠന ശാല. മദ്രസ വിദ്യാര്‍ഥികളില്‍ ഭരണഘടനയെ കുറിച്ച് അവബോധം ഉണ്ടാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ഭരണഘടന പഠന വിഷയമാക്കുന്നതെന്ന് മത മേധാവി മൗലാന ഖാലിദ് റഷീദ് ഫരംഗി മഹലി പ്രതികരിച്ചു. ഇന്നലെ റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് മഹലി തീരുമാനം വ്യക്തമാക്കിയത്.
ദാറുല്‍ ഉലൂം മതപഠന ശാലയില്‍ ഭരണഘടന പഠിപ്പിക്കുന്ന കാര്യം ഇതുമായി ബന്ധപ്പെട്ട യോഗം ഐക്യകണ്‌ഠമായി തീരുമാനിക്കുകയായിരുന്നു. ഈദുല്‍ ഫിത്തറിന് ശേഷം ആരംഭിക്കുന്ന അക്കാദമിക് സെഷന്‍ മുതല്‍ മദ്രസയില്‍ ഭരണഘടന പഠിപ്പിക്കുമെന്ന് മൗലാന ഖാലിദ് റഷീദ് ഫരംഗി മഹലി അറിയിച്ചു. ഭരണഘടന പാഠ്യവിഷയമാക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ ബോധവാന്‍മാരാകുമെന്ന് അദ്ദേഹം പറഞ്ഞു.
'ഭരണഘടന വായിക്കുന്നത് ശരിയായ ദിശയില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്‌തരാക്കും. കൂടാതെ രാജ്യസ്‌നേഹം കൂടുതല്‍ ശക്തിപ്പെടുത്തും. ഭരണഘടന വിദഗ്‌ധരെ മദ്രസ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ഭരണഘടന പഠിപ്പിക്കുന്നതിന് അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും. എല്ലാ വിഷയങ്ങള്‍ക്കും ഒപ്പം വിദ്യാര്‍ഥികള്‍ അവരുടെ അവകാശങ്ങളും കടമകളും പഠിക്കട്ടെ', മൗലാന ഖാലിദ് റഷീദ് ഫരംഗി മഹലി വ്യക്തമാക്കി.