ചെന്നൈ: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റുചെയ്‌ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഭിന്നവിധിയുമായി മദ്രാസ് ഹൈക്കോടതി. ജഡ്‌ജിമാരായ ഡി ഭരത ചക്രവർത്തി, നിഷ ബാനു എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ ഭിന്ന വിധി വന്നതോടെ കേസ് വിശാല ബഞ്ചിലേക്ക് പോകും.
കള്ളപ്പണം വെളുപ്പിക്കല്‍, തൊഴില്‍ തട്ടിപ്പ് കേസുകളിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ മേകല മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജഡ്‌ജി നിഷ ബാനു ഹര്‍ജിക്കാരിക്കനുകൂലമായ വിധിയാണ് പ്രസ്‌താവിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും സെന്തില്‍ ബാലാജിയെ വെറുതെ വിടണമെന്നുമായിരുന്നു നിഷ ബാനുവിന്‍റെ വിധി.
എന്നാല്‍, സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്‌ത നടപടി നിയമവിധേയമാണ്. ഈ സാഹചര്യത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ല എന്നുമായിരുന്നു ഭരത ചക്രവര്‍ത്തിയുടെ ഉത്തരവ്. ജൂണ്‍ 27നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്.
സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയ നടപടി റദ്ദാക്കി: തൊഴില്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുടുങ്ങിയ തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ ജൂണ്‍ 14നായിരുന്നു എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തത്. ഇതിന് പിന്നാലെ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ ആർഎൻ രവി പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ആയിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.
എന്നാല്‍, സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കി കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ നിയമപരമായി ഇടപെടല്‍ നടത്തുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. കൂടാതെ, ഇക്കാര്യത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
ഇതിന് പിന്നാലെയാണ്, ഗവര്‍ണര്‍ സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടിയ ശേഷം മാത്രമെ കൂടുതല്‍ നടപടി സ്വീകരിക്കുകയുള്ളൂ എന്നാണ് അദ്ദേഹം അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍, ജോലിക്ക് വേണ്ടി പണം കൈപ്പറ്റി എന്നിങ്ങനെയുള്ള അഴിമതിക്കേസുകളില്‍ ക്രിമിനല്‍ നടപടി നേരിടുന്നത് കാരണമാണ് സെന്തില്‍ ബാലാജിയെ അടിയന്തരമായി മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നത് എന്നായിരുന്നു ആദ്യം ഗവര്‍ണറുടെ ഓഫിസ് അറിയിച്ചത്. സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തു, അന്വേഷണത്തെ സ്വാധീനിച്ചു, നിയമ നടപടി ക്രമങ്ങളെ തടസപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഗവര്‍ണര്‍ ഉയര്‍ത്തി. തമിഴ്‌നാട് മന്ത്രിസഭയില്‍ സെന്തില്‍ ബാലാജി തുടര്‍ന്നാല്‍ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ആദ്യം സെന്തില്‍ ബാലാജിക്കെതിരെ ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.