ഉമരിയ : മധ്യപ്രദേശിലെ ഉമരിയയിൽ 200 അടിയിലധികം താഴ്‌ചയുള്ള കുഴൽക്കിണറിൽ മൂന്ന് വയസുകാരൻ വീണു. മൂടിയിട്ടില്ലാത്ത കിണറിലേക്ക് വ്യാഴാഴ്‌ച കാൽ വഴുതി വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉമരിയ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുള്ള ബദർചാദ് ഗ്രാമത്തിലാണ് സംഭവം. മൂന്ന് വയസുകാരനായ ഗൗരവ് ദുബെ തന്‍റെ അമ്മാവൻ ഭോല ദുബെയുടെ ഫാമിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നുവെന്ന് ജില്ലാ കലക്‌ടർ സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.
രാവിലെ 10 മണിയോടെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. രണ്ട് മണിക്കൂറിലേറെയായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറിൽ വീണെന്ന് തിരിച്ചറിയുന്നത്.
40 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയുടെ അടുത്തേക്കെത്താൻ സമാന്തരമായി കുഴി തീര്‍ക്കുകയാണ്. കുട്ടിക്ക് ശ്വാസം ലഭിക്കുന്നതിനായി കിണറിനുള്ളിലേക്ക് ഓക്‌സിജൻ പമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ (SDERF) ഒരു സംഘം ക്യാംപ് ചെയ്യുന്നുണ്ട്.