ലുധിയാന : പഞ്ചാബിലെ ലുധിയാന ഗിയാസ്‌പുര പ്രദേശത്ത് 11 പേരുടെ മരണത്തിനിടയാക്കിയ വാതക ദുരന്തത്തിന് കാരണമായത് മാന്‍ഹോളിലെ രാസപ്രതിപ്രവര്‍ത്തനമെന്ന് പ്രാഥമിക നിഗമനം. മാൻഹോളില്‍ ഉണ്ടായിരുന്ന മീഥെയ്ന്‍ അംശത്തില്‍ മറ്റേതെങ്കിലും രാസവസ്‌തുക്കൾ പ്രതിപ്രവർത്തിച്ചാവാം ദുരന്തമുണ്ടായതെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മിഷണർ സുരഭി മാലിക് പറയുന്നു. ഇന്ന് രാവിലെയുണ്ടായ ദുരന്തത്തിന് കാരണമായ വാതകം എവിടെ നിന്നാണ് വന്നതെന്ന കാര്യത്തില്‍ ശാസ്‌ത്രീയ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ALSO READ | ലുധിയാനയിൽ വാതകചോർച്ചയിൽ 11 മരണം; 11 പേർക്ക് ദേഹാസ്വാസ്ഥ്യം
രണ്ട് കുട്ടികളടക്കം 11 പേരാണ് വിഷവാതകം അന്തരീക്ഷത്തില്‍ വ്യാപിച്ചതോടെ ശ്വാസംമുട്ടി മരിച്ചത്. 'മാൻഹോളില്‍ ഉണ്ടായിരുന്ന മീഥെയ്ന്‍ അംശത്തില്‍ മറ്റേതെങ്കിലും രാസവസ്‌തുക്കൾ പ്രതിപ്രവർത്തിച്ചാവാം വാതക ദുരന്തമുണ്ടായത്'. - ലുധിയാന ഡെപ്യൂട്ടി കമ്മിഷണർ സുരഭി മാലിക് പറയുന്നു. മരിച്ചവരിൽ അഞ്ച് സ്‌ത്രീകളും ആറ് പുരുഷന്മാരുമുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മരിച്ച രണ്ട് ആണ്‍കുട്ടികള്‍ 10,11 വയസുള്ളവരാണ്. അപകടത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
'മാൻഹോളുകളിൽ നിന്ന് സാമ്പിള്‍ ശേഖരിക്കും': പ്രദേശത്ത് ക്ലിനിക്ക് നടത്തിയിരുന്ന ആളും ഭാര്യയും മൂന്ന് മക്കളും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച ഒരു കുട്ടിക്ക് ഒന്‍പത് വയസുണ്ട്. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. 'ഞങ്ങൾ മാൻഹോളുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഇതിനുള്ളിലെ മീഥെയ്ന്‍ അംശം എന്തെങ്കിലും രാസവസ്‌തുക്കളുമായി പ്രതിപ്രവർത്തിച്ചതാവാന്‍ സാധ്യതയുണ്ട്. സംഭവത്തിൽ മരിച്ചവരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ന്യൂറോടോക്‌സിൻ (വിഷാംശം നാഡീപ്രവര്‍ത്തനത്തെ നശിപ്പിക്കുന്നത്) മൂലമാണ് മരണം സംഭവിച്ചത്.' - സുരഭി മാലിക് പറയുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം വാതകത്തിന്‍റെ ഉറവിടവും തരവും കണ്ടെത്താൻ പരിശോധന ഊര്‍ജിതമാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായതിനാൽ സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനാണ് അടിയന്തര പ്രാധാന്യം നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ തരത്തിലുള്ള രാസവസ്‌തുക്കളുടെ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിലാണ് എൻഡിആർഎഫ് സംഘം ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. രാസപ്രവർത്തനത്തിന്‍റെ സ്വഭാവം പരിശോധിച്ച ശേഷം വിശദാംശങ്ങൾ നല്‍കാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗ്നിശമന സേനാസംഘം അടക്കം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊലീസ്, പ്രദേശം അടച്ചുപൂട്ടി. ചോർന്ന വാതകം നേർപ്പിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി : സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ജില്ല ഭരണകൂടം, പൊലീസ്, മുനിസിപ്പൽ കോർപറേഷൻ, പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ വിവിധ സംഘങ്ങള്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 'ഏത് വാതകമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. 'ഞങ്ങൾ ആദ്യം പരിശോധിക്കുന്നത് ദുരന്തത്തിന് കാരണമായ വാതകത്തെക്കുറിച്ചാണ്. തുടർന്ന് ഞങ്ങൾ ഇതേക്കുറിച്ച് നിങ്ങളെ അറിയിക്കും' - ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവം വളരെ വേദനാജനകമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. 'ലുധിയാനയിലെ ഗിയാസ്‌പുര മേഖലയിൽ വാതക ദുരന്തമുണ്ടായ സംഭവം വളരെ വേദനാജനകമാണ്. പൊലീസ്, ജില്ല ഭരണകൂടം, എൻഡിആർഎഫ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്' - മൻ ട്വീറ്റ് ചെയ്‌തു.