ന്യൂഡൽഹി : രാജ്യത്തെ പാചകവാതക സബ്‌സിഡി (LPG Subsidy) ഉയര്‍ത്തി കേന്ദ്ര സർക്കാർ. ഉജ്ജ്വല പദ്ധതി (Ujjwala Scheme) പ്രകാരം പാചകവാതക കണക്ഷനെടുത്തവരുടെ സബ്‌സിഡി ഉയർത്താനാണ് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലെ തീരുമാനം (LPG Subsidy Hiked- Ujjwala Yojana Beneficiaries Get Rs 300 Per Cylinder). ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള എൽപിജി സബ്‌സിഡി 200 രൂപയിൽ നിന്നും 300 രൂപയാക്കി വർധിപ്പിച്ചതായി മന്ത്രിസഭാതീരുമാനങ്ങൾ വിവരിക്കുന്നതിനിടെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ (Anurag Thakur) പ്രസ്‌താവിച്ചു.
"കേന്ദ്ര സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനുവേണ്ടി നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്‌തു. കഴിഞ്ഞ മാസം രക്ഷാബന്ധൻ ദിനത്തിൽ ഗാർഹിക പാചകവാതകത്തിന്‍റെ (Domestic LPG) വില 200 രൂപ കുറച്ചപ്പോൾ അത് 900 രൂപയിലെത്തി. എന്നാൽ, ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഇത് 700 രൂപയായിരുന്നു. ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഇപ്പോൾ ഒരു സിലിണ്ടറിന് 100 രൂപ അധിക സബ്‌സിഡിക്ക് അർഹതയുണ്ട്" - അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് പൊതുവിപണിയില്‍ 903 രൂപയായിരുന്നു ഇതുവരെയുള്ള വില. ഉജ്ജ്വല പദ്ധതി പ്രകാരം കണക്ഷന്‍ എടുത്തവര്‍ക്ക് 703 രൂപയ്ക്കാണ് സിലിണ്ടര്‍ ലഭിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ളവർക്ക് ഒരു സിലിണ്ടര്‍ 603 രൂപയ്ക്ക് ലഭിക്കും.
Also Read: എണ്ണകമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്‍ഡ് നല്‍കാന്‍ തീരുമാനം
കേന്ദ്ര മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ
വാടക നിയമ ഭേഭഗതി - രാജ്യത്തെ വാടക നിയമം പരിഷ്‌കരിച്ച് ഭേഭഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭായോഗം തിരുമാനിച്ചു. ഇനിമുതല്‍ വാടക കരാർ നിർബന്ധമാക്കും. കരാർ കാലാവധിയ്ക്ക് ശേഷം വീടൊഴിഞ്ഞില്ലെങ്കിൽ പിന്നീടുള്ള രണ്ട് മാസം ഉടമയ്ക്ക് രണ്ടിരട്ടി വാടക സമാശ്വാസ വിഹിതമായി ഈടാക്കാം. രണ്ട് മാസത്തിന് ശേഷവും വീടൊഴിഞ്ഞില്ലെങ്കിൽ ഇത് നാലിരട്ടിയായി മാറും.
രണ്ടാം കൃഷ്‌ണ ജല തർക്ക ട്രിബ്യൂണൽ- കൃഷ്‌ണ നദീജല തർക്കം പരിഹരിക്കാൻ രൂപം കൊടുത്ത രണ്ടാം കൃഷ്‌ണ ജല തർക്ക ട്രിബ്യൂണലിനുള്ള മാർഗനിർദേശങ്ങൾക്ക് അംഗീകാരം നൽകി. 1956-ലെ അന്തർ സംസ്ഥാന നദീജല തർക്ക നിയമത്തിന് കീഴിൽ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തമ്മിൽ നിലനിൽക്കുന്ന കൃഷ്‌ണ നദിയിലെ വെള്ളം സംബന്ധിച്ച തർക്കമാണ് രണ്ടാം കൃഷ്‌ണ ജല തർക്ക ട്രിബ്യൂണൽ പരിഗണിക്കുന്നത്.
പുതിയ സർവകലാശാല - ഗോത്ര ദേവതകളായ സമ്മക്ക, സാരക്ക എന്നിവരുടെ പേരിൽ തെലങ്കാനയിൽ പുതിയ 'സമ്മക്ക സാരക്ക' സെൻട്രൽ ട്രൈബൽ സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചു (Sammakka Sarakka Central Tribal University). 2009 ലെ കേന്ദ്ര സർവകലാശാലാനിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സർവകലാശാലയ്ക്ക് 889.07 കോടി രൂപ അനുവദിക്കാനും തീരുമാനമായി.
ദേശീയ മഞ്ഞൾ ബോർഡ് - ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നത് സംബന്ധിച്ചും കേന്ദ്രം സൂചന നൽകി. മഞ്ഞൾ കർഷകരുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും അവർക്ക് അർഹമായ പിന്തുണ നൽകാനും അന്താരാഷ്ട്ര തലത്തിൽ പുതിയ വിപണികൾ വികസിപ്പിക്കാനും ദേശീയ മഞ്ഞൾ ബോർഡ് (National Turmeric Board) സ്ഥാപിക്കാൻ കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി. മഞ്ഞൾ കയറ്റുമതി നിലവിലെ 1,600 കോടി രൂപയിൽ നിന്ന് 8,400 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ മഞ്ഞൾ കർഷകരെ സംബന്ധിച്ച് ഏറെ നിർണായകമായ തീരുമാനമാണിത്.