കോയമ്പത്തൂർ (തമിഴ്‌നാട്): കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ വെന്തുമരിച്ചു. ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപം ഞായറാഴ്‌ച പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
വാഹനം സ്‌പീഡ് ബ്രേക്കർ മറികടന്നപ്പോൾ സിലിണ്ടറിലുണ്ടായ വാതക ചോർച്ചയാണ് സ്‌ഫോടനത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സാമുദായിക സംഘർഷം നിലനിന്നിരുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത് എന്നതിനാൽ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് സി ശൈലേന്ദ്ര ബാബു പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് സമീപത്തെ എല്ലാ കടകളും അടപ്പിച്ചു. പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. എവിടെ നിന്നാണ് സിലിണ്ടറുകൾ കൊണ്ടുവന്നതെന്ന് അന്വേഷിച്ചു വരികയാണ്. കാറിന്‍റെ ഉടമസ്ഥത പലതവണ കൈമാറിയിട്ടുണ്ട്. ഉടമയെ കുറിച്ചും അന്വേഷിച്ച് വരികയാണ്. മരിച്ചയാളെ കണ്ടെത്തുന്നതിനും അന്വേഷണം നടക്കുകയാണെന്ന് ശൈലേന്ദ്ര ബാബു പറഞ്ഞു.
കോയമ്പത്തൂർ കമ്മിഷണർ വി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള ആറ് പ്രത്യേക സംഘങ്ങളാണ് സ്‌ഫോടനത്തിൽ അന്വേഷണം നടത്തുന്നത്. തമിഴ്‌നാട് കമാൻഡോ സ്‌കൂളിലെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.