മുസാഫർപുർ (ബിഹാർ): നിസാര കാര്യത്തിന്‍റെ പേരിലുണ്ടായ തർക്കം രൂക്ഷമായതിനെ തുടർന്ന് പേരിൽ കമിതാക്കൾ ആത്മഹത്യ ചെയ്‌തു. സിഎ പ്രവേശന പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ അഞ്ജലി (23), ജയ്‌പൂർ സ്വദേശിയായ വിവേക് എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.
ബുധനാഴ്‌ച രാത്രി അഞ്ജലിയും വിവേകും തമ്മിൽ തർക്കമുണ്ടായി. ഇരുവരുടെയും സുഹൃത്ത് കോൺഫറൻസ് കോൾ വഴി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിവേക് കോൾ കട്ട് ചെയ്‌ത ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു. അതിനെ തുടർന്ന് അഞ്ജലി ആത്മഹത്യ ചെയ്യുകയായിരുന്നു.
വ്യാഴാഴ്‌ച രാവിലെ കുടുംബാംഗങ്ങൾ അഞ്ജലിയുടെ ഫോണിൽ വിളിക്കുകയും മറുപടിയില്ലാതെ വന്നതോടെ മുറിയുടെ വാതിലിന്‍റെ താക്കോൽ ദ്വാരത്തിലൂടെ നോക്കിയപ്പോൾ അഞ്ജലി ഫാനിൽ തൂങ്ങിനിൽക്കുന്നതുമാണ് കണ്ടത്. ഉടൻ തന്നെ കുടുംബാംഗങ്ങൾ വിവരമറിയിച്ചതിനെ തുടർന്ന് ഖാസി മുഹമ്മദ്‌പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് സബ് ഇൻസ്‌പെക്‌ടർ ശശികുമാർ ഭഗത് സ്ഥലത്തെത്തി. സംഭവത്തിന് ശേഷം അഞ്ജലിയുടെ സഹോദരൻ വിവേകിനെ വിളിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് വിവേക് ജയ്‌പൂരിലെ തന്‍റെ താമസസ്ഥലത്തിന്‍റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓറിയന്‍റ് ക്ലബ് സ്‌കൂളിൽ ഒരുമിച്ചു പഠിച്ചവരാണ് വിവേകും അഞ്ജലിയും. എട്ടാം ക്ലാസ് മുതൽ പരിചയക്കാരായതിനാൽ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു. വീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് അഞ്ജലി ആത്മഹത്യ ചെയ്‌തതെന്നും അഞ്ജലിയുടെ സഹോദരന്‍റെ ഭീഷണിയെ തുടർന്നാണ് വിവേക് ആത്മഹത്യ ചെയ്‌തതെന്നും വിവേകിന്‍റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
എന്നാൽ അഞ്ജലിയുടെ റൂമിൽ നിന്നും ആത്മഹത്യ കുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. മൊബൈൽ ഫോണിന്‍റെ സ്ക്രീൻ ലോക്ക് ആയിരുന്നതിനാൽ മൊബൈൽ ഫോൺ തുറക്കാൻ പൊലീസിന് കഴിഞ്ഞില്ല. വിവേകിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് നിന്നും വിവേകിന്‍റെ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി ജയ്‌പൂർ പൊലീസ് ഡിഎസ്‌പി രാംനരേഷ് പസ്വാൻ അറിയിച്ചു.
Also Read: ശനിയാഴ്‌ച മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി