ബെംഗളൂരു: ബെംഗളൂരുവിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശിനിയായ ലീല പവിത്ര നീലമണി എന്ന യുവതിയെ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്‍റെ പേരിൽ കാമുകൻ കുത്തിക്കൊന്നു. പെൺകുട്ടിയുടെ ശരീരത്തിൽ 15 തവണയോളം കുത്തിയ പ്രതി ദിനകർ ബനാലയെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി ഈസ്‌റ്റ് ഡിവിഷൻ ഡിസിപി അറിയിച്ചു. അതീവ ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജാതി പരിഗണിച്ച് യുവതി വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു. വിവാഹത്തിന് സമ്മതം വാങ്ങാൻ എത്തിയ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് ലീല പവിത്ര തന്‍റെ കാമുകനെ അറിയിച്ചിരുന്നു. വീട്ടുകാർ വിസമ്മതിച്ചതിനാൽ പെൺകുട്ടി ദിനകറിൽ നിന്ന് അകലാൻ ശ്രമിച്ചതോടെ ലീലയെ കൊല്ലാൻ ദിനകർ പദ്ധതി ഇടുകയായിരുന്നു.
ലീല ജോലി ചെയ്യുന്ന ഓഫിസിന് തൊട്ടുമുന്നിൽ വച്ചാണ് പ്രതി ആക്രമിച്ചത്. ഒമേഗ ഹെൽത്ത് കെയർ മാനേജ്മെന്‍റ് സർവിസസിലെ ജീവനക്കാരിയാണ് ലീല. ദോംലൂരിൽ മറ്റൊരു ഹെൽത്ത് കെയർ കമ്പനിയിലാണ് പ്രതി ദിനകർ ജോലി ചെയ്യുന്നത്. അടുത്തിടെയാണ് ലീല ബെംഗളൂരുവിൽ ജോലിക്കായി എത്തിയത്.