മുംബൈ: നിലവിലെ കൊവിഡ് സാഹചര്യങ്ങളും മരണ നിരക്കും കണക്കിലെടുത്ത് നഗരസഭാ അധികൃതര്‍ ശ്‌മശാനങ്ങളില്‍ മലിനീകരണം പരിശോധിക്കാന്‍ ആധുനിക സജീകരണങ്ങള്‍ ഒരുക്കണമെന്ന് മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വഴി വലിയ തോതിലുള്ള വായു മലിനീകരണമാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൂനെ നിവാസിയായ വിക്രാന്ത് ലത്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു.
പൂനെയിലെ ചില ശ്മശാനങ്ങളിൽ പ്രതിദിനം 80 ലധികം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നുണ്ടെന്ന് ലത്‌കറിന്‍റെ അഭിഭാഷകൻ അസിം സരോഡ് വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിസരത്ത് ധാരാളം മലിനീകരണം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. പല ശ്മശാനങ്ങളുടെയും ചിമ്മിനികൾ സ്റ്റാൻഡേർഡ് ഡിസൈൻ അനുസരിച്ച് നിർമ്മിച്ചതല്ലെന്നും അതിനാൽ പുറത്തുവിടുന്ന പുക മുകളിലേക്ക് നീങ്ങുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.
Also Read: വാക്‌സിനില്ല, ഓക്‌സിജനില്ല, മരുന്നുകളില്ല, പ്രധാനമന്ത്രിയെ കാണാനുമില്ലെന്ന് രാഹുല്‍ ഗാന്ധി
പൂനെ മുനിസിപ്പൽ കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിജിത് കുൽക്കർണിയോട് ഹര്‍ജിക്ക് മറുപടിയായി സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് നിർദേശം നൽകി. "ശ്മശാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ഈ സാഹചര്യത്തില്‍. മലിനീകരണം തടയാന്‍ നഗരസഭാ അധികൃതര്‍ ആധുനിക സാങ്കേതിക വിദ്യകൾ പരിശോധിക്കണം," കോടതി പറഞ്ഞു. ഹര്‍ജി അടുത്തയാഴ്ച വാദം കേൾക്കുന്നതിനായി മാറ്റി വച്ചു.
ബുധനാഴ്ച മഹാരാഷ്ട്രയിൽ 46,781 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസ് 52,26,710 ആയി ഉയർന്നു. ഒറ്റ ദിവസം 816 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 78,007 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.