ബെംഗളൂരു: കൊവിഡും ലോക്ക്‌ഡൗണും പിരിമുറുക്കിയ സാഹചര്യത്തിൽ ബംഗളൂരുവിലെ തക്കാളി കർഷകരും പ്രതിസന്ധിയിൽ. ഇത്തവണ വിള നന്നായി ലഭിച്ചെങ്കിലും ലോക്ക്‌ഡൗൺ മൂലം വില കുറയുന്നതാണ് കർഷകരെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നെലമംഗല താലൂക്കിൽ കർഷകൻ 10 ഏക്കർ കൃഷിഭൂമിയിലായുള്ള തക്കാളി വിളയ്ക്ക് തീയിട്ടു.
കർഷകനായ മാരിഗൗഡയാണ് തന്‍റെ വിളയ്‌ക്ക് തീയിട്ടത്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനാൽ തക്കാളിയ്ക്ക് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 10 ഏക്കർ ഭൂമിയിൽ തക്കാളി വിള പാട്ടത്തിനെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ലോക്ക്‌ഡൗണിൽ വില ഇടിവ് സംഭവിച്ചതിൽ കർഷകർ ആശങ്കയിലാണ്. കർഷകരിൽ നിന്നും കിലോയ്ക്ക് 5 രൂപയ്ക്ക് തക്കാളി വാങ്ങുന്ന ഇടനിലക്കാരൻ അത് കിലോയ്ക്ക് 10 രൂപ എന്ന വിലയ്‌ക്കാണ് വിൽക്കുന്നത്. എന്നാൽ കർഷകർക്ക് അതിന്‍റെ തുല്യ ലാഭം ലഭ്യമാകാത്ത സാഹചര്യമാണ്. ഈ പ്രതിസന്ധിയിലാണ് തന്‍റെ വിളയ്‌ക്ക് തീയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ കർഷകരിൽ നിന്ന് നേരിട്ട് തക്കാളി വാങ്ങണമെന്നും തങ്ങളുടെ വിളയ്ക്ക് മിനിമം താങ്ങ് വില നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
Also Read:48 ലക്ഷം രൂപ വിലവരുന്ന പാൻ മസാല കടത്താൻ ശ്രമം; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി