ബെംഗളുരു: കൊവിഡിന്‍റെ രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിനെ ഭയന്ന് അതിഥി തൊഴിലാളികൾ തിരികെ പോകുന്നു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് സ്വദേശങ്ങളിലേക്ക് തിരികെ പോകുന്നത്. ഇതിനെ തുടർന്ന് ബെംഗളുരു നഗരം ശൂന്യമാകുകയാണ്.
ക്രാന്തിവീര സാങ്കോളി റായന്ന റെയിൽവേ സ്റ്റേഷനിൽ സ്വദേശങ്ങളിലേക്ക് മടങ്ങുന്ന നിരവധി തൊഴിലാളികളെയാണ് കാണാനാവുക. നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാലുണ്ടായ അവസ്ഥ മുൻകൂട്ടിക്കണ്ടാണ് അതിഥി തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്.
ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ, മാസ്‌ക്ക് കൃത്യമായി ധരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലികെ വോളണ്ടിയർമാരെ നിയമിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തൊഴിൽ നഷ്‌ടപ്പെട്ട് നഗരത്തിൽ കുടുങ്ങിയത്.