ശ്രീനഗര്‍: കശ്‌മീരിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാന ഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്‌ച. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. അവസാന ഘട്ടത്തില്‍ 28 ജില്ലാ വികസന കൗണ്‍സിലുകളില്‍ നിന്നുള്ള വോട്ടര്‍മാര്‍ ബൂത്തിലെത്തും. ഇതില്‍ 13 കൗണ്‍സിലുകള്‍ കശ്‌മീരിലും 15 എണ്ണം ജമ്മുവിലുമാണ്. 168 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്. കശ്‌മീരില്‍ 31 സ്‌ത്രീകള്‍ ഉള്‍പ്പെടെ 83 പേരും ജമ്മുവില്‍ 15 സ്‌ത്രീകള്‍ ഉള്‍പ്പെടെ 85 പേരും മത്സര രംഗത്തുണ്ട്.
3,03,275 സ്‌ത്രീകള്‍ ഉള്‍പ്പെടെ 6.30 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലെത്തുക. 1,703 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ 1,028 ബൂത്തുകള്‍ കശ്‌മീരിലും 6,75 ബൂത്തുകള്‍ ജമ്മുവിലുമാണ്. നവംബര്‍ 28നാണ് കശ്‌മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമായത്. ഇതിന് മുമ്പ് നടന്ന ഏഴ് ഘട്ടങ്ങളിലും സമ്മതിദായകര്‍ ആവേശത്തോടെ ബൂത്തുകളിലേക്കെത്തിയിരുന്നു. 50 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്. 280 ജില്ലാ വികസന കൗണ്‍സിലുകളിലേയും വോട്ടണ്ണല്‍ ഈ മാസം 22ന് നടക്കും.
ആര്‍ട്ടിക്കള്‍ 370 നിലവില്‍ വന്ന ശേഷം കശ്‌മീരില്‍ നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഓഗസ്റ്റിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഇതേ തുടര്‍ന്ന് ജമ്മു കശ്‌മീര്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്‌മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തെക്കന്‍ കശ്‌മീരിലെ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു. പുല്‍വാമ, കുല്‍ഗാം, അനന്താങ്, സോപിയാന്‍ മേഖലകളിലെ ഇന്‍റര്‍നെറ്റ് ബന്ധമാണ് വിച്ഛേദിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ച ശേഷം സേവനം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.